സ്പാനിഷ് ലീഗില്‍ കളിക്കാന്‍ അവസരം ലഭിച്ച താരത്തിന് സഹായവുമായി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍
2021-11-13 17:23:04

ആലപ്പുഴ: സ്പെയിനില്‍ മൂന്നാം ഡിവിഷന്‍ ഫുട്ബോള്‍ ലീഗിലേക്ക് സെലക്ഷന്‍ കിട്ടിയ മലയാളി താരത്തിന് യാത്രാച്ചെലവിനുള്ള സഹായവുമായി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍.മന്ത്രിയും ചെങ്ങന്നൂര്‍ എംഎല്‍എയുമായ സജി ചെറിയാന്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത് .മാന്നാര്‍ കുട്ടംപേരൂര്‍ സ്വദേശിയായ ആദര്‍ശ് ആണ് സ്പാനിഷ് മൂന്നാം ഡിവിഷന്‍ ഫുട്ബോള്‍ ലീഗിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
സ്‌പെയിനിലെ മൂന്നാം ഡിവിഷന്‍ ലീഗ് ക്ലബ്ബായ ഡിപ്പോര്‍ട്ടീവോ ലാ വിര്‍ജെന്‍ ഡെല്‍ കാമിനോവില്‍ ആണ് ആദര്‍ശിന് സെലക്ഷന്‍ ലഭിച്ചത്. ആദര്‍ശിന്റെ ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ സ്പോണ്‍സര്‍ ചെയ്താണ് സഞ്ജു വി സാംസണ്‍ രംഗത്തെത്തിയത്.
പോസ്റ്റിന്റെ പൂര്‍ണരൂപം ;
ഒരാഴ്ച്ച മുന്‍പാണ് മാന്നാര്‍ കുട്ടംപേരൂര്‍ സ്വദേശിയായ ആദര്‍ശ് എന്ന ചെറുപ്പക്കാരന്‍ എന്നെ കാണാന്‍ വരുന്നത്. തിരുവല്ല മാര്‍ത്തോമ്മ കോളേജിലെ ബിരുദവിദ്യാര്‍ത്ഥിയായ ആദര്‍ശ് ഫുട്ബോള്‍ താരമാണ്. ആദര്‍ശിന് വലിയൊരു അവസരം ലഭിച്ചിട്ടുണ്ട്, എന്നാല്‍ സാമ്ബത്തികം എന്ന കടമ്ബയില്‍ തട്ടി ആ അവസരം നഷ്ടപ്പെടും എന്ന പ്രതിസന്ധിഘട്ടത്തിലാണ് എം.എല്‍.എ എന്ന നിലയില്‍ എന്നെ കാണാന്‍ വന്നത്.
സ്‌പെയിനിലെ മൂന്നാം ഡിവിഷന്‍ ലീഗ് ക്ലബ്ബായ ഡിപ്പോര്‍ട്ടീവോ ലാ വിര്‍ജെന്‍ ഡെല്‍ കാമിനോവില്‍ ഒരു മാസം നീളുന്ന പരിശീലനത്തിന് ആദര്‍ശിന് അവസരം ലഭിച്ചു. അഞ്ചോളം മത്സരങ്ങളും ഈ കാലയളവില്‍ കളിക്കുവാന്‍ സാധിക്കും. പ്രകടനം ക്ലബിനോ മറ്റ് ക്ലബുകള്‍ക്കോ ഇഷ്ടപ്പെടുകയാണെങ്കില്‍ കോണ്ട്രാക്റ്റ് ലഭിക്കുവാനും സാധ്യതയുണ്ട്. സ്‌പെയിന്‍ പോലെയുള്ള ഫുട്ബാള്‍ രംഗത്തെ അതികായ രാജ്യത്ത് ലീഗ് മത്സരങ്ങളില്‍ കളിക്കുവാന്‍ അവസരം ലഭിക്കുക എന്നത് നമ്മുടെ നാട്ടിലെ ഫുട്ബാള്‍ താരത്തെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ അവസരമാണ്. എന്നാല്‍ ഇതിന് ആവശ്യമായ ചിലവ് നമ്മള്‍ സ്വയം കണ്ടെത്തണം. ഇതായിരുന്നു ആദര്‍ശിന്റെ പ്രതിസന്ധി.
ഇക്കാര്യം അറിഞ്ഞ നമ്മുടെ പ്രിയ താരം Sanju Samson ആദര്‍ശിന്റെ ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്. നാട്ടിലെ അഭ്യുദയകാംഷികളും പഠിച്ച വിദ്യാലയവുമൊക്കെ അവരാല്‍ കഴിയുന്ന സഹായം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ വേണ്ടി വന്ന തുക നല്‍കുവാന്‍ കായികവകുപ്പിന്റെ സാധ്യതകള്‍ പരിശോധിച്ചെങ്കിലും ആദര്‍ശിന് ഉടനെ പോകേണ്ടതിനാല്‍ അതിന് മുമ്ബ് ലഭിക്കുവാന്‍ സാങ്കേതികപ്രശ്നങ്ങള്‍ ഉണ്ടായി. ഈ സാഹചര്യത്തില്‍ കാരക്കാട് ലിയോ ക്ലബ് സമാഹരിച്ച 50000 രൂപ ഇന്ന് ആദര്‍ശിന് കൈമാറി. ബാക്കി ആവശ്യമായ തുക ഞാന്‍ ആദര്‍ശിന് കൈമാറി. മറ്റന്നാള്‍ ആദര്‍ശ് മാഡ്രിഡിലേക്ക് യാത്ര തിരിക്കും.
ലെഫ്റ്റ് വിങ് ഫോര്‍വേഡാണ് ആദര്‍ശ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകന്‍. നാളെ ആദര്‍ശ് നമ്മുടെ അഭിമാനതാരമാകും എന്നെനിക്ക് ഉറപ്പുണ്ട്. അതിന് ഈ അവസരം വഴിയൊരുക്കട്ടെ എന്ന് ആശംസിക്കുന്നു. 13/11/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.