85 കിടക്കകളുള്ള ലോകോത്തര ഐസിയു സംവിധാനവുമായി കിംസ്‌ഹെല്‍ത്ത്

2021-11-13 17:25:32

    
    തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോടെ 85 കിടക്കകളുള്ള അതിനൂതന തീവ്രപരിചരണ ചികിത്സാവിഭാഗം കിംസ്‌ഹെല്‍ത്ത് ഈസ്റ്റില്‍ ആരംഭിച്ചു.

രാജ്യത്ത് ഇത്തരം സൗകര്യങ്ങളുള്ള തീവ്രപരിചരണ ചികിത്സാ വിഭാഗങ്ങളുടെ അപര്യാപ്തത തുറന്നുകാട്ടിയ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണിത്.

10 കിടക്കകളുള്ള ട്രാന്‍സ്പ്ലാന്റ് ഐസിയു, 21 കിടക്കകളുള്ള മള്‍ട്ടിഡിസിപ്ലിനറി ഐസിയു, എയര്‍ബോണ്‍ ഐസൊലേഷന്‍ സാധ്യമാക്കുന്ന മൂന്ന് കിടക്കകളുള്ള നെഗറ്റീവ് പ്രഷര്‍, ഹെപ്പാ ഫില്‍റ്റര്‍ സംവിധാനം, പൊള്ളല്‍ ചികിത്സയ്ക്കുള്ള മൂന്ന് കിടക്കകളുള്ള ഐസിയു, 10 കിടക്കകളുള്ള സര്‍ജിക്കല്‍ ഐസിയുവിനു പുറമേ ആറ് കിടക്കകളുള്ള പോസ്റ്റ് അനസ്തറ്റിക് ഐസിയു, 33 കിടക്കകളുള്ള നിയോനെറ്റോളജി ഐസിയു എന്നിവയാണ് ഈ വിഭാഗത്തിലുള്ളത്.

നാഷണല്‍ ബോര്‍ഡ് അംഗീകരിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് പ്രോഗ്രാം, ഇന്ത്യന്‍ സൊസൈറ്റി ഓഫ് ക്രിട്ടിക്കല്‍ കെയര്‍ എന്നിവയുടെ അംഗീകാരമുള്ളതാണ് ഈ തീവ്രപരിചരണ വിഭാഗം. കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ഇവിടെ ലഭിക്കും.

ലോകനിലവാരമുള്ള തീവ്രപരിചരണ സേവനങ്ങള്‍ കേരളത്തിലേക്കും അതിന്റെ തലസ്ഥാനത്തേക്കും കൊണ്ടുവരിക എന്നതാണ് ഈ ഉദ്യമത്തിന്റെ ഉദ്ദേശമെന്ന് കിംസ്‌ഹെല്‍ത്ത് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.ഐ. സഹദുള്ള പറഞ്ഞു. സുരക്ഷിതമായ രോഗീപരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീവ്രപരിചരണ ചികിത്സാവിഭാഗം പ്രവര്‍ത്തനക്ഷമമാക്കുന്നത്. തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള രോഗികള്‍ക്ക് ഈ ആധുനിക ചികിത്സാ സംവിധാനം ഏറെ പ്രയോജനപ്രദമാകും. എല്ലാ രോഗികളുടെയും ആരോഗ്യനില നിരീക്ഷിക്കുന്നതിനു വേണ്ടിയുള്ള അത്യാധുനിക സെന്‍ട്രലൈസ്ഡ് പേഷ്യന്റ് മോണിറ്ററിംഗ് സംവിധാനവും യൂണിറ്റിലുണ്ട്. ഇതുവഴി ചികിത്സ കൂടുതല്‍ കൃത്യമാക്കാനാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേഡിയോളജി വിഭാഗം യൂണിറ്റിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെന്റിലേറ്ററിലുള്ള ഒരു രോഗിക്ക് ഒരു നഴ്‌സ് എന്ന അനുപാതത്തിലായിരിക്കും പരിചരണം ലഭിക്കുന്നത്. ഇതുകൂടാതെ ശ്വാസരോഗ വിദഗ്ധന്‍, ഫിസിയോതെറാപ്പിസ്റ്റ്, മാനസികാരോഗ്യ വിദഗ്ധന്‍, ഡയറ്റീഷ്യന്‍, പകര്‍ച്ചവ്യാധി പ്രതിരോധ സംവിധാനം, ഫാര്‍മസിസ്റ്റ് എന്നീ സേവനങ്ങള്‍ ഇവിടെയുണ്ടാകും. ഏറ്റവും നവീനമായ വെന്റിലേറ്റര്‍, ഡയാലിസിസ്, എക്‌മോ മെഷീനുകള്‍ രോഗികള്‍ക്ക് അത്യാധുനിക ചികിത്സ വാഗ്ദാനം ചെയ്യുന്നു. രോഗികളുടെ സുരക്ഷയ്ക്കും പ്രത്യേക പരിഗണന ഉണ്ടാകും. കിംസ്‌ഹെല്‍ത്തില്‍ ആകെ 241 ഐസിയു കിടക്കകളും കോവിഡ് രോഗികള്‍ക്കായി 55 എക്‌സ്‌ക്ലുസീവ് ഐസിയു കിടക്കകളും ഉണ്ട്.

അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചാണ് ഐസിയു ഒരുക്കിയിരിക്കുന്നതെന്ന് കിംസ്‌ഹെല്‍ത്തിലെ തീവ്രപരിചരണ ചികിത്സാ വിഭാഗം കോഓര്‍ഡിനേറ്റര്‍ ഡോ. ദീപക് വി. പറഞ്ഞു. ഓരോ രോഗിക്കും പ്രത്യേകം ക്യുബിക്കിളുകളുണ്ട്. ഇതുവഴി പകര്‍ച്ചാരോഗങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. പുറത്തെ വെളിച്ചവും കാഴ്ചയും കാണാന്‍ സാധിക്കുന്ന വിധമുള്ളതാണ് ക്യുബിക്കിളുകള്‍. പകല്‍വെളിച്ചത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്ന വെളിച്ച സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അതിനാല്‍ തന്നെ രോഗികളുടെ ഉറക്കത്തിന് ഭംഗം വരാന്‍ സാധ്യത കുറയുമെന്നും ഐസിയു സൈക്കോസിസ് ഒഴിവാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുറിക്കുള്ളിലെ വായുസംവിധാനം സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മാനദണ്ഡമനുസരിച്ചാണ് ചെയ്തിരിക്കുന്നത്. ഇതിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകരാതെ സഹായിക്കും. കൊവിഡ്, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗികള്‍ക്കായി നെഗറ്റീവ് പ്രഷര്‍ മുറികളും പൊള്ളല്‍ മുതലായ രോഗങ്ങളുള്ളവര്‍ക്ക് പോസിറ്റീവ് പ്രഷര്‍ മുറികളുമാണ് ഒരുക്കിയിട്ടുള്ളത്.

'ബേണ്‍ ബാത്ത്' അടക്കമുള്ള ആധുനിക സംവിധാനത്തോടു കൂടിയ ബേണ്‍സ് ഐസിയുവില്‍ പ്രത്യേക പരിശീലനം ലഭിച്ച പ്ലാസ്റ്റിക് സര്‍ജന്‍മാര്‍, തീവ്രപരിചരണ ചികിത്സാ വിദഗ്ധര്‍, നഴ്‌സുമാര്‍, അനസ്തീഷ്യോളജിസ്റ്റുകള്‍, ഡെര്‍മറ്റോളജിസ്റ്റുകള്‍, ഐഡി ഫിസിഷ്യന്‍മാര്‍, ഫിസിയോതെറാപ്പിസ്റ്റ്, ന്യൂട്രീഷ്യനിസ്റ്റ്, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ് എന്നിവരുടെ സേവനമുണ്ടാകും. കിഡ്‌നി, കരള്‍, ഹൃദയം മുതലായ അവയവമാറ്റം ആവശ്യമായി വന്ന രോഗികള്‍ക്കാണ് പ്രത്യേക ട്രാന്‍സ്പ്ലാന്റ് ഐസിയു. ഇതിനു പുറമേ ടെലി ഐസിയു സംവിധാനം വഴി ഡോക്ടര്‍മാരുടെ സേവനം റിമോട്ട് ഐസിയുവിലും ലഭിക്കും. കൂട്ടിരിപ്പുകാര്‍ക്കായി പ്രത്യേകം സജ്ജമാക്കിയ മുറികളും ഒരുക്കിയിട്ടുണ്ട്.

രോഗികള്‍ക്ക് 24 മണിക്കൂറും കണ്‍സള്‍ട്ടന്റ്‌സിന്റെ നേതൃത്വത്തില്‍ ചികിത്സ ഉറപ്പാക്കുമെന്ന് കിംസ്‌ഹെല്‍ത്ത് വൈസ് ചെയര്‍മാന്‍ ഡോ.ജി.വിജയരാഘവന്‍ പറഞ്ഞു.

അതിനൂതനമായ ചികിത്സാ സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ സേവനം ഉറപ്പാക്കാനുമാണ് കിംസ്‌ഹെല്‍ത്ത് ശ്രദ്ധിക്കുന്നതെന്ന് കിംസ്‌ഹെല്‍ത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം.നജീബ് പറഞ്ഞു.

സീനിയര്‍ നെഫ്രോളജിസ്റ്റും ട്രാന്‍സ്പ്ലാന്റ് കോഓര്‍ഡിനേറ്ററുമായ ഡോ.പ്രവീണ്‍ മുരളീധരന്‍ സംബന്ധിച്ചു.                                                                                   13/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.