ബാലാവകാശങ്ങളെ കുറച്ച്‌ അവബോധം സൃഷ്ടിക്കുന്നത് മാധ്യമ കടമ: ജസ്റ്റിസ് മുഹമ്മദ് നിയാസ്

2021-11-20 16:57:23

    
    തിരുവനന്തപുരം: കുട്ടികള്‍ക്ക് നിയമം അനുശാസിക്കുന്ന അവകാശങ്ങളെ കുറിച്ച്‌ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് മാധ്യമങ്ങളുടെ കടമയാണെന്ന് ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി പറഞ്ഞു.

സാര്‍വ്വദേശീയ ശിശുദിനത്തോടനുബന്ധിച്ച്‌ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ നടത്തിയ 'കുട്ടികളുടെ അവകാശ സംരക്ഷണ നിയമങ്ങളും മാധ്യമങ്ങളും' എന്ന വിഷയത്തിലെ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശങ്ങളെ പറ്റി മാധ്യമങ്ങളിലൂടെ സമൂഹത്തില്‍ അവബോധം സൃഷ്ടിക്കണമെന്ന് കമ്മീഷന്‍സ് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് ആക്‌ട് 2005ല്‍ കൃത്യമായി പറയുന്നുണ്ട്. മാധ്യമ വാര്‍ത്തകള്‍ക്ക് സമൂഹം വലിയ ആധികാരികത കല്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കുട്ടികളുടെ നിയമപരമായ അവകാശങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ച്‌ സമൂഹത്തെ ബോധ്യപ്പെടുത്തുവാന്‍ മാധ്യമങ്ങള്‍ക്കപ്പുറം ആര്‍ക്കും സാധിക്കില്ല.

ഇരകളായ കുട്ടികളെ തിരിച്ചറിയാവുന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കരുത്. പോക്‌സോ കേസുകളില്‍ ഇരയുടെ പേരു മാത്രമല്ല ഇരയെ തിരിച്ചറിയാവുന്ന തരത്തില്‍ ഇരയുമായി ബന്ധപ്പെട്ടവരുടെയോ ഇരയുടെ പരിസരത്തെ പറ്റിയോ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറ്റകരമാണെന്ന് അദ്ദേഹം പറഞ്ഞു. അതിക്രമങ്ങള്‍ക്ക് ഇരകളാകുന്ന കുട്ടികള്‍ സമൂഹത്തില്‍ ഒറ്റപ്പെടാതിരിക്കാനും അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുമാണ് ഇരയുടെ പേരും മറ്റു വിവരങ്ങളും പുറത്ത് വിടരുതെന്ന് നിയമം അനുശാസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെ അടിമകളായല്ല മറിച്ച്‌ സാമൂഹത്തിന്റെ മുന്നേറ്റത്തിനുള്ള ചാലകശക്തികളായാണ് കാണേണ്ടതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പറഞ്ഞു. സാമൂഹിക അവബോധത്തിന്റെ കുറവ് മാധ്യമങ്ങള്‍ക്കുണ്ടെന്നും നവമാധ്യമങ്ങളുടെ കടന്നുവരവോടെ മാധ്യമങ്ങള്‍ ഏതെന്നും വാര്‍ത്ത എന്തെന്നും നിര്‍വചിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ചടങ്ങില്‍ മുഖ്യാതിഥിയായ രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് തുല്യമായ അവകാശങ്ങളാണ് ഇന്ത്യന്‍ ഭരണഘടന കുട്ടികള്‍ക്ക് നല്‍കിയിട്ടുള്ളതെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് പറഞ്ഞു. കേരള സര്‍വ്വകലാശാല അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. കെ അരുണ്‍കുമാര്‍ സെമിനാറില്‍ വിഷയാവതരണം നടത്തി. കമ്മീഷന്‍ അംഗങ്ങളായ റെനി ആന്‍റണി, കെ. നസീര്‍, അനിത ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂള്‍, ജേണര്‍ലിസം വിദ്യാര്‍ത്ഥികളും മാധ്യമപ്രവര്‍ത്തകരും സെമിനാറില്‍ പങ്കെടുത്തു.                               20/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.