കെഎസ്‌ആര്‍ടിസി: ശബരിമല ഹബ്ബിന്റെ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു

2021-11-22 17:09:11

    
    പത്തനംതിട്ട: മണ്ഡലകാലത്തോട് അനുബന്ധിച്ച്‌ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബിന്റെ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു.

പത്തനംതിട്ട-പമ്ബ ചെയിന്‍ സര്‍വീസാണ് ട്രയല്‍ റണ്ണായി ആരംഭിച്ചത്. രണ്ടു ദിവസമാണ് ട്രയല്‍ റണ്‍ നടക്കുക.

മറ്റു ജില്ലകളില്‍ നിന്നും പത്തനംതിട്ട വഴി പമ്ബയ്ക്ക് സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ പത്തനംതിട്ടയില്‍ സര്‍വീസ് അവസാനിപ്പിക്കും. ഈ ബസുകളില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് പത്തനംതിട്ട സ്റ്റാന്‍ഡിലെ ശബരിമല ഹബില്‍ രണ്ടു മണിക്കൂര്‍ വിശ്രമത്തിന് ശേഷം പത്തനംതിട്ട-പമ്ബ ബസുകളില്‍ യാത്രചെയ്യാനുമുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ പമ്ബയിലെത്തിക്കാനുള്ള ക്രമീകരണങ്ങളാണ് നിലവില്‍ ചെയ്തിട്ടുള്ളതെന്നും കെഎസ്‌ആര്‍ടിസി സൗത്ത് സോണ്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജി. അനില്‍ കുമാര്‍ പറഞ്ഞു. തുടക്കത്തില്‍ 15 ബസുകളാണ് സര്‍വീസ് നടത്തുക. ഇവിടെ നിന്നും 24 മണിക്കൂറും യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കും.

ദീര്‍ഘദൂര സ്ഥലങ്ങളില്‍ പത്തനംതിട്ട നഗരത്തിലൂടെ കെഎസ്‌ആര്‍ടിസി ബസില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് പമ്ബ വരെയുള്ള യാത്രയ്ക്കായി ഒരു തവണ ടിക്കറ്റ് എടുത്താല്‍ മതിയാകും. അതേ ടിക്കറ്റ് ഉപയോഗിച്ച്‌ പത്തനംതിട്ടയില്‍ നിന്ന് പമ്ബയിലേക്ക് ചെയിന്‍ സര്‍വീസിലും യാത്ര ചെയ്യാം.

പത്തനംതിട്ട സ്റ്റാന്‍ഡില്‍ എത്തുമ്ബോള്‍ ബസില്‍ നിന്നും ഇറങ്ങി വിശ്രമിക്കുന്നതിനും ആവശ്യമെങ്കില്‍ വിരിവയ്ക്കാനും ടോയ്‌ലറ്റ് സൗകര്യം പ്രയോജനപ്പെടുത്തുവാനും ഭക്ഷണം കഴിക്കുന്നതിനുമായ സൗകര്യവുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച്‌ വരുന്ന ബസുകളിലെ തീര്‍ഥാടകര്‍ക്ക് ആവശ്യമെങ്കില്‍ നേരിട്ട് അതേബസില്‍ തന്നെ പോകുവാന്‍ കഴിയും. ഹബില്‍നിന്ന് പമ്ബയിലേക്ക് പോകുന്ന ബസുകള്‍ ഭക്ഷണത്തിനോ വിശ്രമത്തിനോ ആയി മറ്റെവിടെയും നിര്‍ത്തുകയില്ല.

ആവശ്യമെങ്കില്‍ ഇന്റര്‍‌സ്റ്റേറ്റ് സര്‍വീസുകളും പത്തനംതിട്ടയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യും. പത്തനംതിട്ട-പമ്ബ ചെയിന്‍ സര്‍വീസുകള്‍ക്കായി 50 ബസുകള്‍ അധികമായി അനുവദിച്ചിട്ടുണ്ട്. തിരക്ക് കൂടുന്നത് അനുസരിച്ച്‌ 65 ബസുകളാണ് മൊത്തത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്.                                                               22/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.