പെരിയ ഇരട്ടക്കൊലപാതകം: അറസ്റ്റിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

2021-12-10 16:48:44

    
    കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ എറണാകുളം സിജെഎം കോടതി തള്ളി.

കാസര്‍കോട് ഏച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്‍, ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തളളിയത്. പ്രതികള്‍ക്ക് ജാമ്യം കിട്ടിയാല്‍ കേസ് അട്ടിമറിക്കുമെന്ന സിബിഐയുടെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതിയുടെ നടപടി.

ഗൂഢാലോചന, കൊല്ലപ്പെട്ടവരുടെ യാത്ര വിവരങ്ങള്‍ കൈമാറുക, ആയുധങ്ങള്‍ നല്‍കുക, വാഹന സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ ചെയ്തതായി അന്വേഷണസംഘം കണ്ടെത്തിയത്. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു അടക്കം അഞ്ചുപേരെ ഡിസംബര്‍ ആദ്യമാണ് സിബിഐ അറസ്റ്റ് ചെയ്തത്. കേസ് ഏറ്റെടുത്ത് ആറ് മാസത്തിന് ശേഷമാണ് സിബിഐ പ്രതികളെ അറസ്റ്റ് ചെയ്തത്. സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ അടക്കം ഉള്‍പ്പെട്ട രാഷ്ട്രീയ കൊലപാതകമാണ് പെരിയയില്‍ നടന്നതെന്നാണ് സിബിഐ കണ്ടെത്തല്‍.

മുന്‍ കാസര്‍കോട് എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പുതിയതായി 10 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. കേസില്‍ 20ാം പ്രതിയാണ് കുഞ്ഞിരാമന്‍. 14 പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ആകെ 24 പ്രതികളാണ് കേസിലുള്ളത്. 2019 ഫെബ്രുവരി 17ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കാസര്‍കോട് കല്യോട്ട് വച്ച്‌ ബൈക്കില്‍ പോകുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും അക്രമിസംഘം കൊലപ്പെടുത്തുകയായിരുന്നു.                            10/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.