'മേപ്പടിയാന്‍' സിനിമയുടെ സാമ്ബത്തിക സ്രോതസ്സ്; നടന്‍ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് തെരച്ചില്‍

2022-01-04 16:50:41

    
    പാലക്കാട് : നടന്‍ ഉണ്ണിമുകുന്ദന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് തെരച്ചില്‍ നടത്തി. അടുത്തിടെ പുറത്തിറങ്ങാനുള്ള ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ എന്ന സിനിമയുടെ സാമ്ബത്തിക സ്രോതസ്സുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് തെരച്ചില്‍ നടത്തിയത്.

ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദന്റെ നിര്‍മാണ കമ്ബനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസ് ആണ്.

ഉണ്ണിയുടെ പാലക്കാട് ഒറ്റപ്പാലത്തുള്ള വീട്ടിലാണ് തെരച്ചില്‍ നടക്കുന്നത്. രാവിലെ 8 മണിക്ക് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 14 ന് റിലീസ് ചെയ്യാനിരിക്കെയാണ് ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക.

ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോര്‍ഡി പൂഞ്ഞാര്‍, പൗളി വത്സന്‍, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

നേരത്തെ നിര്‍മാതാക്കളായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ആദായ നികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗം ആണ് പരിശോധന നടത്തിയത്. നിര്‍മ്മാതാക്കളായ ആന്റണി പെരുമ്ബാവൂര്‍ , ആന്റോ ജോസഫ് , ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരോട് ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ ഇവര്‍ കൃത്യമായ രേഖകളുമായി ഓഫീസില്‍ നേരിട്ട് ഹാജരായിരുന്നു.                                                                       04/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.