വയനാട് യുനൈറ്റഡ് എഫ്.സി വരുന്നു, കെ.പി.എല്ലിന്റെ അടര്‍ക്കളത്തിലേക്ക്
2022-01-13 17:12:38

പിണങ്ങോട്: കാല്പന്തുകളിയുടെ പുല്‍ത്തകിടിയില്‍ പ്രതിഭാധനരായ നിരവധി താരങ്ങള്‍ക്ക് പിറവി നല്‍കിയിട്ടും അര്‍ഹിച്ച നേട്ടങ്ങളിലേക്ക് വലകുലുക്കാനാവാതെപോയ വയനാടന്‍ ജനതയുടെ പ്രതീക്ഷകള്‍ കൊരുത്തെടുത്ത് വയനാട് യുനൈറ്റഡ് എഫ്.സി.
കേരള പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ ഇക്കുറി ബൂട്ടുകെട്ടിയിറങ്ങുന്ന യുനൈറ്റഡ് എഫ്.സി വയനാടിന്റെ പകിട്ടിനൊത്ത രീതിയില്‍ പന്തുതട്ടാനുള്ള മുന്നൊരുക്കങ്ങളിലാണിപ്പോള്.
പോരാട്ടങ്ങളേറെക്കണ്ട കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തിന്റെ പുല്മേട്ടില് സാറ്റ് തിരൂരിനെതിരെ 21ന് കന്നിമത്സരത്തിനിറങ്ങുന്ന യുനൈറ്റഡ് എഫ്.സി വമ്ബന്‍ വേദിയില്‍ സാന്നിധ്യമറിയിക്കുന്നതിന്റെ ആവേശത്തിലാണ്. വയനാടിന്റെ കായികപാരമ്ബര്യം സിരകളിലാവാഹിക്കുന്ന പിണങ്ങോടിന്റെ മണ്ണില്‍നിന്ന് ഉദിച്ചുയര്‍ന്ന ഈ കളിസംഘം ജില്ലയിലെ ഫുട്ബാളിന്റെ പതാകവാഹകരായി മാറിയിരിക്കുന്നു. പിണങ്ങോട് കേന്ദ്രീകരിച്ച് മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം യു. ഷറഫലിയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെ രണ്ടുവര്‍ഷം മുമ്ബ് പിറവിയെടുത്ത ടൗണ്‍ ടീം പിന്നീട് ഔദ്യോഗിക ഫുട്ബാളിന്റെ ഭാഗമായി മാറുകയായിരുന്നു. ജില്ല ലീഗ് ബി ഡിവിഷനില്‍ യുനൈറ്റഡ് എഫ്.സി എന്ന ടീമിനെ സ്വന്തമാക്കുകയും ചെയ്തു. ഈ കുതിപ്പാണ് കേരള പ്രീമിയര്‍ ലീഗില്‍ എത്തിനില്‍ക്കുന്നത്.
കന്നി അവസരത്തില്‍ കേരളത്തിന്റെ ഫുട്ബാള്‍ ഭൂമികയില്‍ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തുകയെന്ന ദൃഢനിശ്ചയവുമായി പിണങ്ങോട് ചോലപ്പുറത്തുള്ള ഹോം ഗ്രൗണ്ടില്‍ വിദഗ്ധ പരിശീലകരുടെ ശിക്ഷണത്തിലാണ് ടീം ഒരുങ്ങുന്നത്. നാടു മുഴുവന്‍ നിറഞ്ഞ പിന്തുണയുമായി കൂടെയുള്ളപ്പോള്‍ കളിയരങ്ങില്‍ അതിശയങ്ങളുടെ ചെപ്പു തുറക്കാമെന്ന പ്രതീക്ഷകളിലാണ് ഈ കളിസംഘം. അന്താരാഷ്ട്ര നിലവാരത്തിലുള്ള റസിഡന്‍ഷ്യല്‍ ഫുട്ബാള്‍ അക്കാദമി സ്ഥാപിക്കുക എന്നതിനൊപ്പം വയനാട്ടില്‍നിന്ന് പ്രതിഭാധനരായ താരങ്ങളെ വാര്‍ത്തെടുത്ത് ഐ ലീഗ്, ഐ.എസ്.എല്‍, ഇന്ത്യന്‍ ടീം തുടങ്ങിയ വലിയ പോരിടങ്ങളില് ബൂട്ടണിയാന്‍ പ്രാപ്തരാക്കുകയെന്ന വലിയ ലക്ഷ്യങ്ങളിലേക്കാണ് യുനൈറ്റഡ് എഫ്.സി സ്വപ്നങ്ങളുടെ ഗോള്‍മുഖം തുറക്കുന്നത്.
പ്രീമിയര്‍ ലീഗില്‍ മാറ്റുരക്കുന്ന ടീമിന്റെ ലോഗോ, ജഴ്സി പ്രകാശനം 15ന് വൈകീട്ട് 6.30ന് പിണങ്ങോട് നടക്കും. ടി. സിദ്ദീഖ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കെ. റഫീഖ് എന്നിവര്‍ക്കൊപ്പം കായിക പ്രതിഭകളും ജനപ്രതിനിധികളും അടക്കമുള്ളവര്‍ ചടങ്ങില്‍ സംബന്ധിക്കും. 13/01/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.