ഇന്ത്യക്ക് എന്തുകൊണ്ട് ഐസിസി കിരീടം നേടാനാവുന്നില്ല? കാരണം ഒന്ന് മാത്രം, ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍

2022-01-21 17:36:51

    
    മുംബൈ: ആധുനിക ക്രിക്കറ്റില്‍ താരസമ്ബത്തുകൊണ്ടും പ്രകടന മികവുകൊണ്ടും വളരെ മുന്നിട്ട് നില്‍ക്കുന്ന ടീമുകളിലൊന്നാണ് ഇന്ത്യയുടേത്.

വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ തുടങ്ങി ലോക ക്രിക്കറ്റിനെ വിസ്മയിപ്പിക്കുന്ന പല താരങ്ങളും ഇന്ന് ഇന്ത്യക്കൊപ്പമുണ്ട്. എന്നാല്‍ സമീപകാലത്തായി ഐസിസി കിരീടങ്ങളിലെല്ലാം ഇന്ത്യ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. 2013ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ചാമ്ബ്യന്‍സ് ട്രോഫി നേടിയതാണ് ഇന്ത്യയുടെ അവസാനത്തെ ഐസിസി ട്രോഫി. അതിന് ശേഷം ഒരു തവണ പോലും ഐസിസി കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്കായിട്ടില്ല.

പ്രഥമ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിലടക്കം ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കായെങ്കിലും കിരീടം മാത്രം അകന്ന് നിന്നു. ഇത്രയും മികച്ച താരങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് 2013ന് ശേഷം ഇന്ത്യക്ക് ഐസിസി കിരീടം നേടാന്‍ സാധിക്കാത്തതെന്ന് പ്രസക്തമായ ചോദ്യമാണ്. ഇപ്പോഴിതാ ഇതിന് കാരണമെന്തെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. മികച്ച ഓള്‍റൗണ്ടറുടെ അഭാവമാണ് പ്രധാന പ്രശ്‌നമായി സുനില്‍ ഗവാസ്‌കര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

1

'ഇന്ത്യ ഐസിസി ട്രോഫികളില്‍ കിരീടത്തിലേക്കെത്താത്തിന്റെ പ്രധാന കാരണം ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ്. 1983ലെയും 2011ലെയും ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിനെയും 1985ലെ ചാമ്ബ്യന്‍ഷിപ്പ് ഓഫ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യന്‍ ടീമിനെയുമെല്ലാം നോക്കുക. ഇവര്‍ക്കെല്ലാമൊപ്പം മികച്ച ഓള്‍റൗണ്ടര്‍മാരുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ ടീമിലത് ഇല്ല'- ആജ് തക്കിനോട് സംസാരിക്കവെ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

നിലവിലെ ഇന്ത്യന്‍ ടീമില്‍ എടുത്തുപറയാവുന്ന ഓള്‍റൗണ്ടറെന്ന് വിളിക്കാവുന്ന ആരുമില്ലെന്നതാണ് വസ്തുത. കപില്‍ ദേവിനെപ്പോലെയുള്ള ഓള്‍റൗണ്ടര്‍മാരെ ഇന്ത്യ ടീമില്‍ മിസ് ചെയ്യുന്നുണ്ട്. ഹര്‍ദിക് പാണ്ഡ്യയാണ് എടുത്തുപറയാവുന്ന താരം. എന്നാല്‍ സമീപകാലത്തായി തുടര്‍ പരിക്കും ഫോം നഷ്ടവും താരത്തെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമായിരിക്കുകയാണ്. നിലവില്‍ ഇന്ത്യ പരിമിത ഓവറില്‍ ഓള്‍റൗണ്ടറായി വെങ്കടേഷ് അയ്യരെയാണ് പരിഗണിക്കുന്നത്. യുവതാരമായ വെങ്കടേഷിന് ഇനിയും തന്റെ മികവ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തെളിയിക്കേണ്ടതായുണ്ട്. ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍ എന്നിവരെയെല്ലാം ഓള്‍റൗണ്ടറെന്ന വിശേഷിപ്പിക്കാമെങ്കിലും വിശ്വസ്തരായ ഓള്‍റൗണ്ടര്‍മാരെന്ന് വിളിക്കുക പ്രയാസമാണ്.

2

പന്തെറിയാനും ബാറ്റ് ചെയ്യാനും കഴിയുന്ന താരങ്ങളെ ഇന്ത്യന്‍ ടീമില്‍ ആവിശ്യമാണെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി എന്നിവരെല്ലാം പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങുന്നവരാണ്. അതിന് ശേഷം യുവരാജ് സിങ്, സുരേഷ് റെയ്‌ന എന്നിവരും ഇത്തരത്തില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന താരങ്ങളാണ്. എന്നാല്‍ നിലവിലെ ടീമിലേക്ക് വരുമ്ബോള്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ പന്തും ബാറ്റും ചെയ്യാന്‍ അറിയാവുന്നവര്‍ ആണെങ്കിലും ബാറ്റിങ്ങില്‍ മാത്രമാണ് ശ്രദ്ധ. ഇന്ത്യയുടെ നിലവിലെ മറ്റ് പ്രധാന ബാറ്റ്‌സ്മാന്‍മാരെ പരിഗണിച്ചാല്‍ ആരും തന്നെ പന്തെറിയാന്‍ സാധിക്കാത്തവരാണ്.

' ഇന്ത്യന്‍ ടീമിലെ നിരവധി ബാറ്റ്‌സ്മാന്‍മാര്‍ പന്തും ചെയ്യാന്‍ കഴിവുള്ളവരായി ഉണ്ടായിരുന്നു. ആറ്, ഏഴ്, എട്ട് നമ്ബറുകളില്‍ ഓള്‍റൗണ്ടര്‍മാരെയാണ് വേണ്ടത്. യുവരാജും റെയ്‌നയും പന്തും ബാറ്റും ചെയ്യുന്ന താരങ്ങളായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളിലായി ഇന്ത്യന്‍ ടീമിലില്ലാത്തത് ഇത്തരം താരങ്ങളാണ്. അങ്ങനെ വരുമ്ബോള്‍ നായകന് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെ മാത്രം ഉപയോഗിക്കാനെ സാധിക്കൂ. ടീമിന്റെ സംതുലിതാവസ്ഥ നഷ്ടപ്പെടുന്നു' -സുനില്‍ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

3

ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനുണ്ട്. 2023ല്‍ ഏകദിന ലോകകപ്പും നടക്കാനുണ്ട്. ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് ഈ ടൂര്‍ണമെന്റിനെ കാണുന്നതെങ്കിലും നിലവിലെ ടീമില്‍ മികച്ച ഓള്‍റൗണ്ടര്‍മാരില്ലാത്തത് ഇന്ത്യക്ക് വലിയ തിരിച്ചടി നല്‍കുന്നു. ഹര്‍ദിക് പാണ്ഡ്യ ഫിറ്റ്‌നസും ഫോമും വീണ്ടെടുത്ത് പഴയ പ്രതാപത്തിലേക്കെത്താത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.                                                                       21/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.