മീഡിയവണിന് സംപ്രേഷണം തുടരാം; തിങ്കളാഴ്ച വരെ ഇടക്കാല ഉത്തരവ് നീട്ടി

2022-02-02 17:12:31

    
    കൊച്ചി: മീഡിയവണ്‍ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി മരവിപ്പിച്ച ഇടക്കാല ഉത്തരവ് ഹൈകോടതി നീട്ടി.

തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കുന്നത് വരെ മീഡിയവണിന് സംപ്രേഷണം തുടരാം.

ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് അടക്കം പുറപ്പെടുവിച്ച ഉത്തരവുകളും രേഖകളും കോടതിക്ക് പരിശോധിക്കേണ്ടതുണ്ട്. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ സമയം തേടി. തുടര്‍ന്ന് തിങ്കളാഴ്ച വീണ്ടും ഹരജി പരിഗണിക്കാനായി മാറ്റുകയായിരുന്നു. അതുവരെ ചാനല്‍ അനുമതി റദ്ദാക്കിയത് മരവിപ്പിച്ച നടപടി നിലനില്‍ക്കുമെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി.

ചാനല്‍ പ്രവര്‍ത്തനത്തിന് 10 വര്‍ഷത്തേക്ക് അനുമതി നല്‍കിയിരുന്നെങ്കിലും തുടര്‍അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കേസ് പരിഗണിക്കവെ വ്യക്തമാക്കി. അനുമതിക്ക് വേണ്ട നടപടിക്രമങ്ങളുടെ ഭാഗമായി ആഭ്യന്തര വകുപ്പില്‍നിന്ന് അനുമതി തേടിയെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ നിഷേധിക്കുകയായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും അതിന് മറുപടി ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ എന്താണെന്ന് കോടതിയില്‍ പരസ്യമായി വെളിപ്പെടുത്താനാകില്ലെന്നും കോടതിക്ക് മുദ്രവെച്ച കവറില്‍ നല്‍കുന്ന രേഖകള്‍ പരിശോധിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, കേന്ദ്രാനുമതിയോടെ പ്രവര്‍ത്തിക്കുന്ന ചാനലിന് അനുമതി പുതുക്കേണ്ട സമയത്ത് ആദ്യം മുതലുള്ള നടപടിക്രമങ്ങള്‍ ആവശ്യമില്ലെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ചട്ടങ്ങളും ലംഘിക്കപ്പെട്ടാലല്ലാതെ അനുമതി റദ്ദാക്കാനോ പുതുക്കി നല്‍കാതിരിക്കാനോ സാധ്യമല്ല. അത്തരം ആരോപണങ്ങളോ പരാതികളോ ചാനലിനെതിരെ നേരത്തെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ മാധ്യമസ്വാതന്ത്ര്യത്തെ മാത്രമല്ല മൗലികാവകാശം കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ ലംഘിക്കുന്നതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.                                                                                    02/02/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.