'ഇപ്പോള്‍ നീ ഞങ്ങളെപ്പോലെ', അവര്‍ വിദ്യാര്‍ത്ഥികളല്ല, തീവ്രവാദികള്‍; ഹിജാബ് വിധിക്കുശേഷമുള്ള ആദ്യദിനം

2022-03-17 17:05:15

  ഉഡുപ്പി: ക്ലാസ് മുറികളില്‍ ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്തെ സ്‌കൂളുകളിലും കോളജുകളിലും നടപ്പാക്കാന്‍ തുടങ്ങിയതോടെ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ പ്രതിസന്ധിയിലാണ്.

കോടതി വിധി വന്നതിന് പിന്നാലെ കര്‍ശന നടപടികളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈക്കൊണ്ടത്. ചില വിദ്യാര്‍ത്ഥികള്‍ ശിരോവസ്ത്രം തല്‍കാലത്തേക്ക് അഴിച്ചുവെച്ച്‌ ക്ലാസുകളില്‍ കയറാന്‍ സന്നദ്ധരായി. ഉഡുപ്പിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എം.ജി.എം കോളജിലെ ഒരു വിദ്യാര്‍ത്ഥിനി ശിരോവസ്ത്രം അഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ക്ലാസ്മുറിയില്‍ ഉണ്ടായ അനുഭവം എന്‍.ഡി ടി.വിയോട് തുറന്നുപറഞ്ഞു.

'എനിക്ക് മറ്റ് വഴികളില്ല, എനിക്ക് എന്റെ വിദ്യാഭ്യാസം വേണം. ഞാന്‍ ഹിജാബ് ധരിക്കാതെ എന്റെ സഹപാഠികളുടെ അരികില്‍ ഇരുന്നപ്പോള്‍, ഒരു ഹിന്ദു വിദ്യാര്‍ത്ഥി എന്റെ അടുത്തേക്ക് നടന്നുവന്നിട്ട് പറഞ്ഞു, നീ ഇപ്പോള്‍ ഞങ്ങളിലൊരാളാണ്' -കമ്ബ്യൂട്ടര്‍ സയന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി സന കൗസര്‍ പറഞ്ഞു. മൂന്ന് വര്‍ഷമായി ശിരോവസ്ത്രം ധരിച്ചായിരുന്നു ക്ലാസില്‍ പ​ങ്കെടുത്തിരുന്നതെന്നും സന പറഞ്ഞു.

ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കിയിരുന്നു. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്ബ് അവര്‍ ഹിജാബ് അഴിക്കണം എന്നാണ് ഇപ്പോള്‍ അധ്യാപകര്‍ ആവശ്യപ്പെടുന്നത്.

പല വിദ്യാര്‍ത്ഥികളും പഠനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സന പറഞ്ഞു. 'അഞ്ചോ ആറോ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് എടുത്തതായി ഞാന്‍ കേട്ടു. നിരവധി വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു' -സന പറഞ്ഞു.

അതേസമയം, ഹിജാബ് ഉപേക്ഷിക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ബി.ജെ.പി നേതാവ് കൂടിയായ ഉഡുപ്പി ഗേള്‍സ് ഗവണ്‍മെന്റ് കോളജ് വൈസ് പ്രസിഡന്‍റ് യശ്പാല്‍ സുവര്‍ണ നടത്തിയ പ്രസ്താവന ഞെട്ടിച്ചുകളഞ്ഞതായി എന്‍.ഡി ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

"അവര്‍ വിദ്യാര്‍ത്ഥികളല്ല, അവര്‍ തീവ്രവാദ സംഘടനയുടെ ഏജന്റുമാരാണ്. ഇന്ത്യന്‍ ജുഡീഷ്യറിയെ അവര്‍ മാനിക്കുന്നില്ലെങ്കില്‍, അവര്‍ക്ക് ഇന്ത്യയില്‍ നിന്ന് പുറത്തുപോകാം. ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നിടത്ത് അവര്‍ക്ക് താമസിക്കാം" -യശ്പാല്‍ സുവര്‍ണ പറഞ്ഞു.    17/03/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.