അതിവ്യാപന ശേഷിയുള്ള എക്സ് ഇ വകഭേദം ഗുജറാത്തില്‍ കണ്ടതായി റിപ്പോര്‍ട്ട്

2022-04-09 17:04:52

ന്യൂഡല്‍ഹി: അതിവ്യാപനശേഷിയുള്ള കൊറോണ വകഭേദം എക്സ് ഇ ഗുജറാത്തില്‍ ഒരാള്‍ക്ക് ബാധിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് എക്സ്‌എം വകഭേദത്തിന്‍റെ ഒരു കേസും കണ്ടെത്തിയിട്ടുണ്ട്.
രോഗം ബാധിച്ചവര്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുകയാണ്. ഈ ആഴ്ച ആദ്യം, വിദേശ യാത്രാ ചരിത്രമുള്ള ഒരു രോഗിക്ക് എക്സ് ഇ (XE) വകഭേദം ബാധിച്ചതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു, എന്നാല്‍, ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് നിഷേധിച്ചു.

മുംബൈയില്‍ കൊറോണ വൈറസിന്‍റെ എക്സ് ഇ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളാണ് ആരോഗ്യമന്ത്രാലയം തള്ളിയത്. വകഭേദത്തിന്‍റെ ജീനോമിക് ഘടന എക്സ് ഇ യുടെ ജീനോമിക് ചിത്രവുമായി ബന്ധമില്ലെന്ന് അനുമാനിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

യുകെയിലാണ് പുതിയ എക്സ്‌ഇ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഇതുവരെയുള്ള ഏതു വകഭേദത്തേക്കാള്‍ വ്യാപന ശേഷിയുള്ളതാണ് ഇതെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

അതേസമയം, മറ്റൊരു കോവിഡ് തരംഗത്തിനു കാരണമാകുന്ന തരത്തില്‍ വകഭേദം ശക്തമാണോയെന്നു വ്യക്തമല്ലെന്ന് ഇന്ത്യയിലെ വൈറോളജിസ്റ്റുകള്‍ പറഞ്ഞു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒമിക്രോണിന്‍റെ ഉപവിഭാഗങ്ങളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ വ്യാപനത്തില്‍ അസാധാരണ കുതിപ്പൊന്നും കണ്ടിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ (എന്‍സിഡിസി) പൊതുജനാരോഗ്യ വിദഗ്ധര്‍ പുതിയ വകഭേദങ്ങളെ വിശകലനം ചെയ്യുന്നുണ്ട്.

ഒമിക്രോണ്‍ BA.1, BA.2 ഉപവിഭാഗങ്ങളുടെ പുനഃസംയോജനമാണ് XE വകഭേദം. യുകെയിലാണ് കഴിഞ്ഞ ജനുവരി 19ന് ഇതിനെ ആദ്യമായി കണ്ടെത്തിയത്. ഒമിക്രോണ്‍ BA.2 നെ അപേക്ഷിച്ചു 10 ശതമാനം വര്‍ധിച്ച വ്യാപനശേഷി ഇതിനുണ്ടെന്നാണ് നിഗമനം.                                                                            .09/04/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.