കേരളത്തില്‍ ലൗ ജിഹാദ് ഇല്ല,പാര്‍ട്ടി രേഖയിലും ഇല്ല,ജോര്‍ജ് എം തോമസിന് സംഭവിച്ചത് നാക്കുപിഴ; എംബി രാജേഷ്

2022-04-13 17:02:04

    തിരുവനന്തപുരം; കേരളത്തില്‍ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സ്പീക്കര്‍ എം ബി രാജേഷ്. ലൗ ജിഹാദ് അടിസ്ഥാന രഹിതമാണെന്ന് സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയതാണ്.

മുന്‍ എം എല്‍ എ ജോര്‍ജ് എം തോമസിന് നാക്കു പിഴച്ചതാകാമെന്നും എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

നിരവധി മിശ്ര വിവാഹങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. കേരളത്തിവര്‍ഗീയ വിഭജനത്തിനുള്ള ശ്രമങ്ങളെ എല്ലാ ജനാധിപത്യ മതേതര വാദികളും ചെറുക്കണം. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ മിശ്ര വിവാഹം നടക്കുന്നത്. അവര്‍ക്ക് മറ്റ് അരക്ഷിതത്വം ഇല്ലാത്തതുമായ പ്രദേശവും കേരളമാണ്. ഏതെങ്കിലും ഒരു പ്രദേശത്ത് മിശ്രവിവാഹങ്ങളെ വര്‍ഗീയ വത്കരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതിനെ ചെറുക്കുകയും ഒറ്റപ്പെടുത്തുകയും വേണം.

ജോര്‍ജ് എം തോമസിനിന്റെ പ്രതികരണം പാളിപ്പോയതാകാമെന്നാണ് താന്‍ കരുതുന്നത്. മതതനിരപേക്ഷ ജീവിതം സാധ്യമായ അപൂര്‍വ്വം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ലൗ ജിഹാദ് എന്നൊന്ന് പാര്‍ട്ടി രേഖയില്‍ ഇല്ല എന്ന് ഉറപ്പിച്ചു പറയാന്‍ തനിക്ക് സാധിക്കും. താന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത ആളാണെന്നും എം ബി രാജേഷ് പറഞ്ഞു.

കോടഞ്ചേരിയില്‍ ക്രിസ്ത്യന്‍ മതവിഭാ​ഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ മുസ്ലിം മതവിഭാ​ഗത്തില്‍പ്പെട്ട ഡി വൈ എഫ് ഐ നേതാവ് വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം ഉയര്‍ന്നത്. വിവാഹത്തെ ലവ് ജിഹാദെന്ന് വിശേഷിപ്പിച്ച്‌ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.അതേസമയം കോടഞ്ചേരിയിലേത് ലൗ ജിഹാദായി കാണുന്നില്ലേങ്കിലും വിവാഹം മതമൈത്രിക്ക് അപകടമുണ്ടാക്കിയെന്നായിരുന്നു സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ തിരുവമ്ബാടി എം എല്‍ എയുമായ ജോര്‍ജ് എം തോമസ് പ്രതികരിച്ചത്. മാത്രമല്ല സമൂഹത്തില്‍ ലൗ ജിഹാദ് എന്ന പ്രക്രിയ നടക്കുന്നുണ്ടെന്ന് സിപിഎമ്മിന്റെ പാര്‍ട്ടിരേഖകളില്‍ വ്യക്തമായി പറയുന്നുണ്ടെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു. മുന്‍ എം എല്‍ എയുടെ പ്രതികരണം വലിയ വിമര്‍ശനത്തിനാണ് കാരണമായത്.

അതേസമയം വിമര്‍ശനം രൂക്ഷമായതോടെ ജോര്‍ജ് എം തോമസ് നിലപാട് തിരുത്തി. കേരളത്തില്‍ ലൗ ജിഹാദ് ഇല്ല എന്നതാണ് വാസ്തവമെന്നും തെറ്റിദ്ധരിക്കാവുന്ന വിധത്തില്‍ പ്രതികരിച്ചത് ഒഴിവാക്കാമായിരുന്നുവെന്നുമാണ് ജോര്‍ജ് തോമസ് ഇന്ന് വിശദീകരിച്ചത്.

ജോര്‍ജ് എം തോമസിനെ തള്ളി സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ പൊതുസമീപനത്തില്‍ നിന്ന് വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ പ്രതികരണം.പ്രായപൂര്‍ത്തിയായവര്‍ ഇത്തരം വിവാഹ ബന്ധങ്ങളിലേര്‍പ്പെടുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അത് ഏതെങ്കിലും പാര്‍ട്ടിയേയോ സംഘടനയേയോ ബാധിക്കില്ല, എന്നായിരുന്നു മോഹനന്റെ പ്രതികരണം.                                                                                                           13/04/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.