വര്‍ക്കലയില്‍ പട്ടാപ്പകല്‍ യുവതിയെ വെട്ടി; മാതൃസഹോദരന്‍ പിടിയില്‍

2022-04-29 16:50:24

   
വര്‍ക്കല: പട്ടാപ്പകല്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; കഴുത്തിന് വെട്ടേറ്റ യുവതി ഗുരുതരാവസ്ഥയില്‍.

മാതൃസഹോദരനെ സംഭവസ്ഥലത്തുവെച്ച്‌ പൊലീസ് കീഴ്പ്പെടുത്തി. വര്‍ക്കല ചെമ്മരുതി ചാവടിമുക്ക് തൈപ്പൂയത്തില്‍ ഷാലുവിനാണ് (37) വെട്ടേറ്റത്. യുവതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. അയിരൂരിലെ സ്വകാര്യ പ്രിന്‍റിങ് പ്രസിലെ ജീവനക്കാരിയാണ് ഷാലു. ഉച്ചക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ചു മടങ്ങവെയാണ് ആക്രമണമുണ്ടായത്.

മാതൃസഹോദരനായ ഇഞ്ചി അനില്‍ എന്ന അനിലാണ് ഷാലുവിനെ തടഞ്ഞുനിര്‍ത്തി വെട്ടിയത്. അനിലിന്റെ വീടിനടുത്താണ് ഷാലുവിന്റെയും വീട്. വീട്ടിലേക്കുള്ള നടവഴിയില്‍ വെട്ടുകത്തി കൊണ്ട് മരത്തില്‍ വെട്ടിക്കൊണ്ടു നില്‍ക്കുകയായിരുന്നു അനില്‍. ഉച്ചഭക്ഷണം കഴിച്ച്‌ തിരികെ പ്രസിലേക്ക് സ്കൂട്ടറില്‍ മടങ്ങുകയായിരുന്ന ഷാലുവിനെ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കഴുത്തിലും ശരീരത്തില്‍ പലയിടങ്ങളിലും വെട്ടി. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയവരെയെല്ലാം ഇയാള്‍ വെട്ടുകത്തി വീശി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

വെട്ടേറ്റു വീണ യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച ബന്ധുക്കളെയും ഇയാള്‍ വെട്ടാനോങ്ങി ഭീഷണിപ്പെടുത്തുകയായിരുന്നു. വെട്ടേറ്റ് രക്തം വാര്‍ന്നുകിടന്ന ഷാലുവിനെ രക്ഷിക്കാനാകാതായ നാട്ടുകാരും ബന്ധുക്കളും വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി അനിലിനെ കീഴടക്കിയശേഷമാണ് ഷാലുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ച യുവതിയെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നെന്നാണ് ലഭിക്കുന്ന വിവരം. കസ്റ്റഡിയിലുള്ള അനിലിനെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. യുവതിയുമായി അനിലിന് സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാകാം ആക്രമണത്തിന് കാരണമെന്നാണ് പൊലീസില്‍നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.

ഷാലുവിന്റെ ഭര്‍ത്താവ് സജീവ് വിദേശത്താണ്. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്.                                                          29/04/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.