ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ഹൈകോടതി

2022-05-04 16:22:32

 കൊച്ചി:  ചെറുവത്തൂരില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ചസംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കേരളാ ഹൈകോടതി.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈകോടതിയുടെ നടപടി. വിഷയത്തില്‍ നിലപാടറിയിക്കാന്‍ കോടതി സര്‍കാരിന് നിര്‍ദേശം നല്‍കി. ശുചിത്വം ഉറപ്പാക്കാന്‍ നടപടി ഉണ്ടാകണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു.

ഭക്ഷ്യ സുരക്ഷാ കമിഷണറേറ്റില്‍ നിന്ന് കോടതി വിശദീകരണം തേടി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത് കുമാര്‍ എന്നിവരുള്‍പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുണ്ടായ ഭക്ഷ്യവിഷബാധ സംഭവങ്ങളും കോടതി പരിഗണിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച കാസര്‍കോട് ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുകയും ഒരു വിദ്യാര്‍ഥി മരിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശി ദേവനന്ദയാണ് മരിച്ചത്.

മൂന്ന് പേര്‍ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. ഒരു കുട്ടിയുടെ വൃക്കയ്ക്ക് തകരാറും മറ്റ് കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമുണ്ട്. ഇവരുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡികല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി. നാല് കുട്ടികള്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതിനിടെ മരിച്ച ദേവനന്ദയുടെ പോസ്റ്റുമോര്‍ടം പ്രാഥമിക റിപോര്‍ട് പുറത്ത് വന്നു. ഷിഗെല്ല സോണി ബാക്ടീരിയ ബാധിച്ചാണ് ദേവനന്ദ മരിച്ചതെന്ന് പ്രാഥമിക പോസ്റ്റുമോര്‍ടം റിപോര്‍ട് വ്യക്തമാക്കുന്നു. ബാക്ടീരിയ ദേവനന്ദയുടെ ഹൃദയത്തെയും തലച്ചോറിനെയും ഗുരുതരമായി ബാധിച്ചിരുന്നുവെന്നും റിപോര്‍ട് വ്യക്തമാക്കുന്നു. ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കാസര്‍കോട് ജില്ലാ മെഡികല്‍ ഓഫിസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ മൂന്ന് പേരുടെ സ്രവ സാംപിളുകള്‍ കോഴിക്കോട് മെഡികല്‍ കോളജില്‍ പരിശോധിച്ചപ്പോള്‍ അവയിലും ഷിഗെല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചെന്ന് ഡിഎംഒ പറഞ്ഞു. എല്ലാവര്‍ക്കും സമാനമായ രോഗലക്ഷണങ്ങളായതിനാല്‍ ഷിഗെല്ല തന്നെയെന്നാണ് വിലയിരുത്തല്‍.                                                                                                                    04/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.