ഷീന ബോറ‍ വധക്കേസ്: ആറ് വര്‍ഷം ജയിലില്‍ കിടന്നത് വലിയ കാലയളവ്, ഇന്ദ്രാണി മുഖര്‍ജി‍ക്ക് ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി

2022-05-18 16:48:03

ന്യൂഡല്‍ഹി : ഷീന ബോറയെ വധിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഐഎന്‍എക്‌സ് മീഡിയ കമ്ബനി മുന്‍ മേധാവി ഇന്ദ്രാണി മുഖര്‍ജി ക്ക്(50) സുപ്രീം കോടതി ജാമ്യം അനുവദിച്ചു.

ആറ് വര്‍ഷവും അഞ്ച് മാസവും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇത് വലിയ കാലയളവാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

2012ലാണ് ആദ്യ വിവാഹത്തിലെ മകള്‍ ഷീനയെ (25) ശ്വാസംമുട്ടിച്ചു കൊന്നശേഷം മൃതദേഹം കത്തിച്ചുവെന്നതാണ് ഇന്ദ്രാണി മുഖര്‍ജിക്കെതിരായ കേസ്. കേസില്‍ 2015 മുതല്‍ അവര്‍ വിചാരണ തടവിലായിരുന്നു. ഷീനയെ ഇന്ദ്രാണി കൊലപ്പെടുത്തി കത്തിച്ചെന്നാണു കേസ്. ഇവരുടെ മുന്‍ ഭര്‍ത്താക്കന്‍മാരായ സഞ്ജീവ് ഖന്നയും പീറ്റര്‍ മുഖര്‍ജിയും കേസില്‍ പ്രതികളാണ്.

ഷീന സഹോദരിയാണെന്നാണ് ഇന്ദ്രാണി പുറത്തു പറഞ്ഞിരുന്നത്. പീറ്ററിന്റെ ആദ്യവിവാഹത്തിലെ മകന്‍ രാഹുലുമായുള്ള ഷീനയുടെ പ്രണയമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നാണ് നിഗമനം. കൂടാതെ സ്വത്ത് തന്നില്ലെങ്കില്‍ ഇന്ദ്രാണിയുടെ മകളാണ് താനെന്ന രഹസ്യം വെളിപ്പെടുത്തുമെന്നും ഷീന ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വെളിപ്പെടുത്തല്‍. 2012ല്‍ ഷീന യുഎസിലേക്കു പോയെന്നാണ് കൊലപാതകത്തിനുശേഷം ഇന്ദ്രാണി എല്ലാവരോടും പറഞ്ഞത്. മൂന്ന് വര്‍ഷത്തിനുശേഷം ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായി മറ്റൊരു കേസില്‍ അറസ്റ്റിലായതോടെയാണ് കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. താനോടിച്ച കാറില്‍ വച്ചാണു ഷീന ബോറയെ കൊന്നതെന്നു ഇയാള്‍ അന്വേഷണ സംഘം മുമ്ബാകെ നല്‍കിയ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. റായിയെ പിന്നീട് കേസില്‍ മാപ്പുസാക്ഷിയാക്കി.

അഞ്ച് വര്‍ഷത്തെ വിചാരണത്തടവിനു ശേഷം കഴിഞ്ഞ വര്‍ഷം പീറ്ററിനു ജാമ്യം ലഭിച്ചു. അതേസമയം മകള്‍ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെട്ട് ജയിലില്‍വച്ച്‌ ഇന്ദ്രാണി സിബിഐ ഡയറക്ടര്‍ക്ക് കത്തയച്ചിരുന്നു. കശ്മീരില്‍ ഷീനയെ കണ്ടതായി സഹതടവുകാരി പറഞ്ഞെന്നാണ് കത്തില്‍ പറയുന്നത്. എന്നാല്‍ സിബിഐ ഇത് തള്ളി. ഷീനയുടേതെന്ന് സംശയിച്ച്‌ കണ്ടെത്തിയ അസ്ഥികൂടത്തിന് ഡിഎന്‍എ ഇന്ദ്രാണിയുടെയും ഷീനയുടെയും സാംപിളുമായി പൊരുത്തമുണ്ട്. ഇത് മുഖ്യതെളിവാണെന്നും, ഷീന ബോറ മരിച്ചെന്നും സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.                                                                                               18/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.