കിരണ്‍കുമാറിനെ കുടുക്കിയത് സ്വന്തം അച്ഛന്‍ തന്നെയായിരുന്നു, സദാശിവന്‍ പിള്ളയ‌്ക്ക് പറ്റിയ 'അബദ്ധം' ഇങ്ങനെ

2022-05-23 16:55:49

  
കൊല്ലം: സ്ത്രീധനം ആവശ്യപ്പെട്ടുള്ള ക്രൂര പീഡനങ്ങള്‍ സഹിക്കാനാകാതെ ആത്മഹത്യയില്‍ അഭയം പ്രാപിച്ച ആയുര്‍വേദ വിദ്യാര്‍ത്ഥിനി വിസ്മയയ്ക്ക് ഒടുവില്‍ നീതി ലഭിച്ചിരിക്കുന്നു.

പ്രതി കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ എന്തായിരിക്കുമെന്ന് അറിയാന്‍ ഒരു രാപ്പകലിന്റെ കാത്തിരിപ്പ് മാത്രം. വിസ്മയയുടെ മരണം ദേശീയ തലത്തില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ നാടൊന്നാകെ വിധി എന്താകുമെന്ന് ആകാംക്ഷയിലുമായിരുന്നു.

പ്രതിഭാഗം വാദിച്ചത്

ഫോണ്‍ സംഭാഷണങ്ങള്‍ തെളിവായി അംഗീകരിക്കാന്‍ പറ്റില്ല. വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാര്‍ സ്ത്രീധനമല്ല, വിവാഹസമ്മാനമായിരുന്നു. വിസ്മയയുടെ ഫോണ്‍ സംഭാഷണങ്ങള്‍ സഹതാപം പിടിച്ചുപറ്റാനുള്ള അടവായിരുന്നു. ആത്മഹത്യ ചെയ്ത ദിവസം രാത്രി വിസ്മയയ്ക്ക് ആര്‍ത്തവം സംഭവിച്ചു. ഇതോടെ കുട്ടികളുണ്ടാകില്ലെന്ന വിഷമത്തിലായിരുന്നു ആത്മഹത്യ.

പ്രോസിക്യൂഷന്‍ വാദിച്ചത്

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കിരണ്‍കുമാര്‍ വിവാഹമാര്‍ക്കറ്റില്‍ തനിക്ക് വന്‍ വിലയാണെന്ന ധാരണയിലായിരുന്നു. കിരണ്‍കുമാറിന്റെ ഫോണില്‍ നിന്ന് വീണ്ടെടുത്ത നേരത്തെ റെക്കാഡ് ചെയ്തിരുന്ന ഫോണ്‍ സംഭാഷണങ്ങള്‍ ഇതിന്റെ തെളിവാണ്. വിവാഹത്തിന് മുമ്ബ് തന്നെ കാര്‍ താന്‍ ആവശ്യപ്പെട്ടിരുന്നതായി കിരണിന്റെ ഫോണ്‍ സംഭാഷണമുണ്ട്. കാര്‍ സമ്മാനമായിരുന്നെങ്കില്‍ അതിന്റെ കുറവുകളെക്കുറിച്ച്‌ പറഞ്ഞ് വിസ്മയെയും ബന്ധുക്കളെയും അധിക്ഷേപിക്കുമായിരുന്നില്ല. കോടതിയില്‍ ഹാജരാക്കിയ വിസ്മയയുടെ ബാല്യകാലസുഹൃത്ത് വിദ്യയുടെയും വിസ്മയയുടെ മാതാവിന്റെ ഫോണുകളില്‍ നിന്നും ലഭിച്ച സംഭാഷണങ്ങളില്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള കിരണ്‍കുമാറിന്റെ നിരന്തര പീഡനത്തെക്കുറിച്ചും ശാരീരിക ഉപദ്രവങ്ങളെക്കുറിച്ചും പറയുന്നു.

ആത്മഹത്യ ചെയ്ത ദിവസം വിസ്മയയ്ക്ക് ആര്‍ത്തവം സംഭവിച്ചിട്ടില്ലെന്നാണ് ശാസ്ത്രീയ പരിശോധന ഫലം. കുട്ടികളുണ്ടാകാത്തതാണ് ആത്മഹത്യയുടെ കാരണമെന്ന് കിരണ്‍കുമാറിന്റെ ബന്ധുക്കള്‍ മരണത്തിന്റെ സമീപദിവസങ്ങളില്‍ വിവരങ്ങളന്വേഷിച്ച മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിട്ടില്ല.

കിരണ്‍കുമാറിനെതിരായ മറ്റ് തെളിവുകള്‍

 സ്ത്രീധനത്തര്‍ക്കം സംബന്ധിച്ച ഫോണ്‍ സംഭാഷണങ്ങള്‍

 കാറില്‍ വച്ച്‌ സ്ത്രീധനത്തെചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിസ്മയ അഭയം പ്രാപിച്ച ചിറ്റുമലയിലെ വീട്ടുടമസ്ഥയുടെ മൊഴി

 സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍കുമാറും വിസ്മയയുടെ വീട്ടുകാരും തമ്മില്‍ സംഘര്‍ഷം നടന്നുവെന്ന് അയല്‍വാസിയുടെ മൊഴി

 കിരണിന്റെ പീഡനങ്ങളെക്കുറിച്ച്‌ സഹോദരഭാര്യയ്ക്കും കൂട്ടുകാരിക്കും അയച്ച വാട്സ്‌ആപ്പ് സന്ദേശങ്ങള്‍

മാസങ്ങള്‍ക്ക് ശേഷം പൊങ്ങിയ ആത്മഹത്യാകുറിപ്പ്

വിസ്മയ ആത്മഹത്യ ചെയ്ത ദിവസം പൊലീസ് മുറിയാകെ തെരഞ്ഞെങ്കിലും ആത്മഹത്യാ കുറിപ്പ് കിട്ടിയിരുന്നില്ല. പക്ഷേ വിചാരണ വേളയില്‍ കിരണ്‍കുമാറിന്റെ പിതാവ് സദാശിവന്‍പിള്ള 'തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ല' എന്ന ആത്മഹത്യാകുറിപ്പ് ലഭിച്ചതായി പറഞ്ഞു. ഈ കത്ത് അപ്പോള്‍ തന്നെ ശൂരനാട് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. പക്ഷെ പൊലീസ് കത്ത് തെളിവായി സ്വീകരിച്ചില്ല. അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമാണ് മാദ്ധ്യമ പ്രവര്‍ത്തകരോട് ആത്മഹത്യാ കുറിപ്പിനെക്കുറിച്ച്‌ നേരത്തെ പറയാതിരുന്നതെന്നായിരുന്നു സദാശിവന്‍ പിള്ളയുടെ മൊഴി.

നാള്‍വഴി

2020 മേയ് 30 - കിരണ്‍കുമാറും വിസ്മയയും തമ്മിലുള്ള വിവാഹം

2020 ആഗസ്റ്റ് 29 - ചിറ്റുമലയില്‍ റോഡില്‍ വച്ച്‌ കിരണ്‍കുമാറും വിസ്മയയും തമ്മല്‍ സ്ത്രീധന തര്‍ക്കം

2021 ജനുവരി 3 - വിസ്‌മയയുടെ നിലമേലുള്ള വീട്ടില്‍ വച്ച്‌ സ്ത്രീധന തര്‍ക്കം

2021ജൂണ്‍ 21 പുലര്‍ച്ചെ 2 - വിസ്മയ കിരണ്‍കുമാറിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തു

2021 ജൂണ്‍ 21ന് രാത്രി 8.30 - കിരണ്‍കുമാര്‍ ശൂരനാട് സ്റ്റേഷനില്‍ കീഴടങ്ങി

2021 സെപ്തംബര്‍ 10 - കുറ്റപത്രം സമര്‍പ്പിച്ചു.

2022 ജനുവരി 10 - വിചാരണ ആരംഭിച്ചു

2022 മേയ് 18 - കേസില്‍ വാദം പൂര്‍ത്തിയായി

2022 മേയ് 23 - കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.                                                               23/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.