സ്ത്രീധന പീഡന - നിരോധന വകുപ്പുകളും ആത്മഹത്യാ പ്രേരണാ കുറ്റവും അടക്കം കിരണ്‍ കുമാറിന് മൊത്തം ലഭിച്ചത് 25 വര്‍ഷത്തെ തടവ്; ശിക്ഷ എല്ലാം കൂടി പത്ത് വര്‍ഷമായി ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി

2022-05-24 17:08:38

കൊല്ലം: കോളിളക്കം സൃഷ്ടിച്ച വിസ്മയക്കേസില്‍ കേരളം കാത്തിരുന്ന വിധിയാണ് പുറത്ത് വന്നത്.ഭര്‍ത്താവ് കിരണ്‍ കമാരിന് 10 വര്‍ഷം തടവാണ് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്.

മൂന്ന് വകുപ്പുകളിലായി 25 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങള്‍ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണു ശാസ്താംകോട്ട പോരുവഴി അമ്ബലത്തുംഭാഗം ശാസ്താനട ചന്ദ്രാലയത്തില്‍ കിരണ്‍കുമാര്‍ (31) കുറ്റക്കാരനാണെന്ന് ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍.സുജിത്ത് വിധിച്ചത്.പിഴയില്‍ രണ്ടുലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 (ബി) 306, 498 (എ) വകുപ്പുകള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതോടെ പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്നാണു പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രതിയുടെ പ്രായവും സ്ഥിരം കുറ്റവാളിയല്ല എന്നതും പരിഗണിച്ച്‌ ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.

ശക്തമായ ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമായെന്നു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് പറഞ്ഞു. വിചാരണ വേളയിലുണ്ടായ വൈകാരിക സംഭവങ്ങള്‍ മനസ്സില്‍നിന്നും മായുന്നില്ലെന്നും ഫോണ്‍ സംഭാഷണങ്ങള്‍ കോടതിയില്‍ കേള്‍പ്പിച്ചപ്പോള്‍ വിസ്മയയുടെ മാതാപിതാക്കള്‍ വിങ്ങിപ്പൊട്ടിയെന്നും മോഹന്‍രാജ് പറഞ്ഞു. അന്വേഷണം ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് പൂര്‍ത്തിയാക്കിയതെന്ന് നേതൃത്വം നല്‍കിയ ഡിവൈഎസ്‌പി പി.രാജ്കുമാര്‍ പ്രതികരിച്ചു.

കേസില്‍ കിരണ്‍കുമാറിനെതിരെ വിധിച്ച ശിക്ഷയുടെ വിശദാംശങ്ങള്‍ ഇങ്ങനെ.. ചുമത്തപ്പെട്ട വകുപ്പുകളും ലഭിച്ച ശിക്ഷയും..സ്ത്രീധന മരണം (ഐപിസി 304എ) 10 വര്‍ഷം കഠിന തടവ്,ആത്മഹത്യാ പ്രേരണ (306) 6 വര്‍ഷം കഠിന തടവ്, 2 ലക്ഷം രൂപ പിഴ. പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ്,സ്ത്രീധന പീഡനം (498എ) 2 വര്‍ഷം കഠിന തടവ്, 50,000 രൂപ പിഴ. പിഴയടച്ചില്ലെങ്കില്‍ 3 മാസം കൂടി തടവ്,സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് 3 (സ്ത്രീധനം ആവശ്യപ്പെടല്‍) 6 വര്‍ഷം കഠിന തടവ്, 10 ലക്ഷം പിഴ. പിഴ അടച്ചില്ലെങ്കില്‍ 18 മാസം കൂടി തടവ്,സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് 4 (സ്ത്രീധനം വാങ്ങല്‍) 1 വര്‍ഷം കഠിന തടവ്, 5000 രൂപ പിഴ. പിഴ അടച്ചില്ലെങ്കില്‍ 15 ദിവസം കൂടി തടവ്

ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നു കോടതി വ്യക്തമാക്കി. ഇതുകൂടാതെ 12,55,000 ലക്ഷം രൂപ പിഴയായും അടയ്ക്കണം. ഇതില്‍ രണ്ടു ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. ജാമ്യം റദ്ദാക്കി ജില്ലാ ജയിലിലേക്ക് മാറ്റിയ കിരണ്‍കുമാറിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. ശിക്ഷ വിധിക്കുന്നതിന് പ്രതിയായ കിരണ്‍കുമാറിനെ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. കോടതിക്ക് മുന്നില്‍ ശിരസ് കുനിച്ചുനിന്നിരുന്ന കിരണ്‍, ഇതോടെ മറുപടി നല്‍കി. അച്ഛനും അമ്മയ്ക്കും സുഖമില്ല. അച്ഛന് ഓര്‍മക്കുറവുണ്ട്, അതിനാല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും തന്റെ പ്രായം പരിഗണിക്കണമെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു.

കിരണിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും മറ്റു കേസുകളില്‍ മുമ്ബ് ഉള്‍പ്പെട്ടിട്ടില്ലെന്നും പ്രതിഭാഗവും കഴിഞ്ഞദിവസം കോടതിയില്‍ പറഞ്ഞിരുന്നു. അച്ഛനും അമ്മയും പ്രായമേറിയവരാണെന്നും പ്രതിഭാഗം കോടതിയെ അറിയിക്കുകയും ചെയ്തു. ഇതേകാര്യങ്ങള്‍ തന്നെയാണ് കിരണും ചൊവ്വാഴ്ച കോടതിയില്‍ ആവര്‍ത്തിച്ചത്.

അതേസമയം, ഇത് ഒരു വ്യക്തിക്കെതിരേയുള്ള കേസല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. സ്ത്രീധനമെന്ന സാമൂഹികവിപത്തിനെതിരേയുള്ള കേസാണ്. സ്ത്രീധനം വാങ്ങിയ പ്രതി ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ കൂടിയാണ്. സ്ത്രീധനത്തിന് വേണ്ടി മാത്രമാണ് പ്രതി ഭാര്യയെ ഉപദ്രവിച്ചത്. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും അതിനാല്‍ ശിക്ഷാവിധി മാതൃകാപരമാകണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. സ്ത്രീധനപീഡനം (ഐ.പി.സി. 304ബി), ആത്മഹത്യാപ്രേരണ (306), ഗാര്‍ഹികപീഡനം (498 എ) എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞത്. ഇതോടെ മുന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഇയാളെ ജാമ്യം റദ്ദാക്കി ജയിലിലേക്കയക്കുകയും ചെയ്തു. വിസ്മയ ജീവനൊടുക്കിയിട്ട് 11 മാസവും മൂന്നുദിവസവും തികഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിലെ ശിക്ഷാവിധി.

കൊല്ലം പോരുവഴിയിലെ ഭര്‍ത്തൃവീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21-നാണ് വിസ്മയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. വിചാരണ നാലുമാസം നീണ്ടു. കിരണ്‍കുമാറിന്റെ ഫോണില്‍ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങള്‍ സൈബര്‍ പരിശോധനയിലൂടെ വീണ്ടെടുത്തു. ഈ സംഭാഷണങ്ങള്‍ കോടതിയില്‍ തെളിവായി ഹാജരാക്കി.

2020 മെയ്‌ 31-നാണ് നിലമേല്‍ കൈതോട് സീ വില്ലയില്‍ വിസ്മയയെ മോട്ടോര്‍വാഹനവകുപ്പില്‍ എ.എം വിഐ. ആയ ശാസ്താംനട ചന്ദ്രവിലാസത്തില്‍ കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്.വിസ്മയ, അച്ഛന്‍ ത്രിവിക്രമന്‍ നായരോട് 'ഇങ്ങനെ തുടരാന്‍ വയ്യെന്നും താന്‍ ആത്മഹത്യ ചെയ്തുപോകുമെന്നും' കരഞ്ഞുപറയുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. അറസ്റ്റിലായ കിരണിനെ പിന്നീട് സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു.

പ്രോസിക്യൂഷന്‍ 41 സാക്ഷികളെ വിസ്തരിച്ചു.118 രേഖകളും 12 തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ എന്നീ സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. വിധിപ്രസ്താവം കേള്‍ക്കാനായി വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിമുറിയിലെത്തിയിരുന്നു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ്, അഭിഭാഷകരായ നീരാവില്‍ എസ്.അനില്‍കുമാര്‍, ബി.അഖില്‍ എന്നിവരാണ് ഹാജരായത്. അഡ്വ. പ്രതാപചന്ദ്രന്‍പിള്ള പ്രതിഭാഗത്തിന് വേണ്ടിയും ഹാജരായി. ശാസ്താംകോട്ട ഡിവൈ.എസ്‌പി. പി.രാജ്കുമാറാണ് കേസ് അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചത്.                                                  24/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.