കുരങ്ങ് പനി, രോ​ഗലക്ഷണങ്ങളുള്ളവരെ ഐസൊലേറ്റ് ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

2022-05-26 16:51:41

ന്യൂഡല്‍ഹി: കുരങ്ങുപനി കേസുകള്‍ നിരവധി രജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്ക് അടുത്തിടെ യാത്ര ചെയ്തവരെ നിരീക്ഷിക്കാനും രോഗലക്ഷണങ്ങളുള്ളവരെ ആരോഗ്യ കേന്ദ്രങ്ങളില്‍ ഐസൊലേറ്റ് ചെയ്യാനും ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ കാനഡയില്‍ നിന്നുള്ള ഒരു യാത്രക്കാരനെ മാത്രമെ ഇതുവരെ രോ​ഗലക്ഷണങ്ങളോടെ ഐസൊലേറ്റ് ചെയ്തിട്ടുള്ളൂ. എന്നാല്‍ പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ (എന്‍ഐവി) നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കുരങ്ങുപനിയല്ലെന്ന് സ്ഥിരീകരിച്ചു.

നിരീക്ഷണം ശക്തമാക്കാനും കുരങ്ങുപനി ബാധിത രാജ്യങ്ങളില്‍ നിന്ന് എത്തുന്ന രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ ഐസൊലേറ്റ് ചെയ്ത് അവരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കണം. എല്ലാ വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ആരോഗ്യ ഉദ്യോഗസ്ഥരോട് മന്ത്രാലയം ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. സാധാരണഗതിയില്‍ വാനര വസൂരിയുടെ ഇന്‍കുബേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം. 2 മുതല്‍ 4 ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. ആ സമയത്ത് രോഗലക്ഷണങ്ങളൊന്നും ഉണ്ടാകില്ല. രോഗലക്ഷണങ്ങളുടെ അഭാവം മൂലം വിമാനത്താവളത്തിലെ സ്‌ക്രീനിംഗില്‍ കാണാതെ പോയവരെ കണ്ടെത്തുകയാണ് ലക്ഷ്യം. നിലവില്‍ ബ്രിട്ടന്‍, ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍, കാനഡ, യുഎസ് എന്നിവിടങ്ങളില്‍ കുരങ്ങുപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍), നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) എന്നിവയുമായി സഹകരിച്ച്‌ ആരോഗ്യ മന്ത്രാലയം കുരങ്ങുപനി ചികിത്സയ്ക്കും പ്രതിരോധത്തിനുമായി സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നുണ്ട്.

കുരങ്ങുപനി വന്നാല്‍ മരണ നിരക്ക് പൊതുവെ കുറവാണ്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്‌സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

വൈറല്‍ രോഗമായതിനാല്‍ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും വാനരവസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാനര വസൂരിക്ക് വാക്‌സിനേഷന്‍ നിലവിലുണ്ട്.                             26/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.