യുക്രെയ്ന്‍ യുദ്ധം നൂറാംദിവസത്തിലേക്ക്

2022-06-02 16:57:30

കിയവ്: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം നൂറാംദിവസത്തിലേക്ക് കടക്കുന്നു. നഗരങ്ങള്‍ പിടിച്ചെടുക്കാന്‍ ശക്തമായ ആക്രമണം നടക്കുകയാണ്.

പടിഞ്ഞാറന്‍ ലിവിവ് മേഖലയില്‍ റെയില്‍പ്പാതകള്‍ റഷ്യ ബോംബിട്ടു തകര്‍ത്തു. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ എത്തിച്ചിരുന്ന പ്രധാന പാതയായിരുന്നു ഇത്. ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സെവെറൊ​ഡൊണേട്സ്ക് നഗരത്തിന്റെ 70 ശതമാനവും റഷ്യ നിയന്ത്രണത്തിലാക്കിയതായി ലുഹാന്‍സ്ക് റീജ്യനല്‍ ഗവര്‍ണര്‍ സെര്‍ഹി ഹൈദായ് പറഞ്ഞു. നഗരത്തി​ന്റെ 10 മുതല്‍ 15 ശതമാനം വരെയുള്ള ഭാഗങ്ങള്‍ ​ഗ്രേ സോണ്‍ ആണ്. അവശേഷിക്കുന്നത് മാത്രമാണ് യുക്രെയ്ന്‍ സേനയുടെ നിയന്ത്രണത്തിലുള്ളത്.

സെവെറൊ​ഡൊണേട്സ്കില്‍ റഷ്യന്‍ സൈന്യം മുന്നേറുന്ന സാഹചര്യത്തില്‍ തദ്ദേശവാസികള്‍ കെമിക്കല്‍ പ്ലാന്റില്‍ അഭയം തേടിയിരിക്കയാണ്. ഇവിടത്തെ അസോത് കെമിക്കല്‍ പ്ലാന്റ് റഷ്യ തകര്‍ത്തു. കിഴക്കന്‍ യുക്രെയ്നില്‍ ഷെല്ലാക്രമണത്തില്‍ സന്യാസി മഠം തകര്‍ന്ന് രണ്ട് സന്യാസികള്‍ കൊല്ലപ്പെട്ടു. രാജ്യത്തെ സാംസ്കാരിക പൈതൃകങ്ങള്‍ തകര്‍ത്തതിന് റഷ്യക്കെതിരെ 367 യുദ്ധക്കുറ്റങ്ങള്‍ രേഖപ്പെടുത്തിയതായി യുക്രെയ്ന്‍ സാംസ്കാരിക മന്ത്രാലയം അറിയിച്ചു. 29 മ്യൂസിയങ്ങള്‍, 133 ചര്‍ച്ചുകള്‍, 66 തിയേറ്ററുകള്‍, ലൈബ്രറികള്‍, ജൂത ​ശ്മശാനം എന്നിവയാണ് തകര്‍ക്കപ്പെട്ടത്. അതിനിടെ, റഷ്യയിലേക്ക് ബലമായി കൊണ്ടുപോയ തദ്ദേശവാസികളില്‍ 200,000 കുട്ടികളുമുണ്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളാദിമിര്‍ സെലന്‍സ്കി ആരോപിച്ചു. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ കുടുംബങ്ങളില്‍ നിന്നുള്ളവരെയും അനാഥരായവരെയുമാണ് നിര്‍ബന്ധിതമായി കൊണ്ടുപോയത്.

യുക്രെയ്ന്‍ യുദ്ധം ചര്‍ച്ചചെയ്യാന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ നാറ്റോ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തും. ആര്‍ട്ടിലറി റോക്കറ്റ് സിംസ്റ്റം അടക്കം യുക്രെയ്ന് 700ദശലക്ഷം ഡോളറിന്റെ സഹായം കൂടി യു.എസ് പ്രഖ്യാപിച്ചു. അതിനിടെ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ അപലപിച്ച്‌ ജര്‍മന്‍ മുന്‍ ചാന്‍സലര്‍ അംഗല മെര്‍കല്‍ രംഗത്തുവന്നു. യുക്രെയ്ന്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞിട്ടും അംഗല മൗനം പാലിച്ചതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. യുക്രെയ്നിലേത് കിരാതമായ യുദ്ധമാണെന്നായിരുന്നു അവരുടെ പ്രതികരണം. യുക്രെയ്നില്‍ റഷ്യ നടത്തുന്നത് വംശഹത്യയാണെന്ന് ചൂണ്ടിക്കാട്ടി അയര്‍ലന്‍ഡ് സെനറ്റ് പ്രമേയം പാസാക്കി.                                             02/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.