വടക്കന്‍ കേരളത്തില്‍ ദഹനേന്ദ്രിയ കാന്‍സര്‍ കൂടുന്നു: മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പഠനം

2022-06-09 17:15:16

  
കണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ ദഹനേന്ദ്രിയങ്ങളിലെ കാന്‍സര്‍ കൂടുന്നുവെന്ന് മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പഠനം.

8435 രോഗികളില്‍ 69 ശതമാനം പേരിലും ജീവിതശൈലിയുമായി ബന്ധപ്പെട്ട കാന്‍സറാണ് കണ്ടെത്തിയിരിക്കുന്നത്. അഞ്ചില്‍ രണ്ട് ഭാഗം കേസുകളും അന്നനാളം, വന്‍കുടല്‍ എന്നീ ഭാഗങ്ങളിലാണ്. ഇക്കാര്യത്തില്‍ വിശദമായ പഠനം നടക്കണമെന്ന് വിദഗ്ദര്‍ പറയുന്നു. ഫാറ്റി ലിവറുള്‍പ്പടെ ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്നതും ഭക്ഷണ രീതികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

മലബാര്‍ കാന്‍സര്‍ സെന്ററിലെത്തിയ രോഗികളുടെ കണക്കുകളിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങളുള്ളത്. പത്ത് വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ആദ്യത്തെ എട്ട് വര്‍ഷത്തെ കാഴ്ച്ചകളല്ല 2018-19 മുതലുള്ളത്. ആദ്യത്തെ എട്ട് വര്‍ഷവും തലയിലുള്ള കാന്‍സറായിരുന്നു കൂടുതലെന്ന് കാന്‍സര്‍ രജിസ്ട്രി & എപ്പി‍ഡെമിയോളജി വിഭാഗം മേധാവി ഡോ. സൈന സുനില്‍കുമാര്‍ പറഞ്ഞു.

അതേസമയം,തിരുവനന്തപുരം ആര്‍സിസിയില്‍ ഇതേകാലയളവില്‍ ചികിത്സ തേടിയവരില്‍, വായിലെ കാന്‍സറും ശ്വാസകോശ അര്‍ബുദവുമാണ് ആദ്യം. ഇത് കഴിഞ്ഞാണ് വയര്‍, ദഹനേന്ദ്രിയ കാന്‍സറിന്റെ സ്ഥാനമെന്നത് വടക്കന്‍ കേരളവുമായുള്ള മാറ്റം വ്യക്തമാക്കുന്നു. ഇത് ഭക്ഷണ രീതികളിലെ മാറ്റമാണോ എന്ന് ഉറപ്പിക്കുന്ന തരത്തില്‍ ഗവേഷണങ്ങള്‍ മുന്നേറേണ്ടത് അനിവാര്യമാണ്.

യുവാക്കളിലും കുട്ടികളിലും പോലും ഫാറ്റിലിവറടക്കമുള്ള രോഗങ്ങള്‍ സര്‍വ്വസാധാരണമാവുകയാണ്. ഇതിന് കാരണമാകുന്ന ശീലങ്ങളിലേക്കും അപകടങ്ങളിലേക്കും വിദഗ്ദര്‍ വിരല്‍ ചൂണ്ടുന്നു. ഇക്കാര്യത്തില്‍ വിശദമായ പഠനങ്ങള്‍ ആവശ്യമാണെന്ന് ഹെപ്പറ്റോളജിസ്റ്റ് & ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഫിസിഷ്യന്‍ ഡോ ഹരികുമാറും ഇന്റേണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ അരുണ്‍ എന്‍ എമ്മും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജീവിതശൈലീ രോഗങ്ങളുടെ സംസ്ഥാനമെന്ന പേര് ആദ്യമേയുള്ള സംസ്ഥാനം ഗൗരവമുള്ള ഗവേഷണങ്ങലിലേക്ക് കടക്കേണ്ട സമയം കഴിഞ്ഞെന്ന് കണക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നു.                               09/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.