സ്വപ്നയുടെ ആരോപണം നിഷേധിച്ച് ശ്രീരാമകൃഷ്ണന്
2022-06-16 17:07:43

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിലെ ആരോപണങ്ങള്‍ തള്ളി മുന്‍ സ്പീക്കറും സിപിഎം നേതാവുമായ പി.
ശ്രീരാമകൃഷ്ണന്. ആരോപണങ്ങള്‍ ശൂന്യതയില്‍ നിന്നുള്ളതാണ്. ഷാര്‍ജ ഷെയ്ഖുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹത്തെ സ്വകാര്യമായി കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് സാഹചര്യത്തിലാണ് സ്വപ്ന ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് അറിയില്ലെന്നും ആരോപണങ്ങളില്‍ ലോജിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഷാര്‍ജ ഷെയ്ഖിനും കോണ്‍സുല്‍ ജനറലിനും കൈക്കൂലി കൊടുക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നോ? ആരോപണങ്ങളെല്ലാം തെറ്റാണ്. അന്വേഷണ ഏജന്‍സികള്‍ വിശദമായി അന്വേഷിക്കുകയും മൊഴിയെടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത കേസാണ്. കുറ്റപത്രത്തില്‍ എവിടെയും ഇക്കാര്യങ്ങളൊന്നും പരാമര്‍ശിക്കുന്നില്ല. തീര്‍ത്തും അസംബന്ധമാണ്. ഏത് സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല', ശ്രീരാമകൃഷ്ണന് പറഞ്ഞു.
സ്വപ്ന ഉന്നയിച്ചത് പുതിയ ആരോപണമല്ലെന്നും പുതിയതായി ഒന്നുമുള്ളതായി അറിയില്ലെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു. ആരോപിക്കുന്നതുപോലെ ഒരു കോളേജില്ല. അത്തരത്തിലൊരു കോളേജ് ആരംഭിച്ചിട്ടില്ല. സ്ഥലം കിട്ടിയിട്ടില്ല. ശൂന്യതയില്‍ നിന്നുള്ള ഒരു സംഗതിയാണ്. ഷാര്‍ജ ഷെയ്ഖിനെ സ്വകാര്യമായി കണ്ടിട്ടില്ല, കാണേണ്ട കാര്യവുമില്ല. ഷെയ്ഖുമായോ കോണ്‍സുല്‍ ജനറലുമായോ വ്യക്തിപരമായ യാതൊരു അടുപ്പവുമില്ല. ഫോണ്‍ നമ്ബര്‍ പോലും കൈയ്യിലില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ശ്രീരാമകൃഷ്ണന് ആവശ്യപ്പെട്ടുവെന്നും താന്‍ ഇടപെട്ട് ഇതിനുള്ള അവസരമൊരുക്കിയെന്നും രഹസ്യമൊഴി നല്‍കും മുമ്ബ് നല്കിയ സത്യവാങ്മൂലത്തില്‍ സ്വപ്ന പറഞ്ഞിരുന്നു. മിഡില്‍ ഈസ്റ്റ് കോളേജിന് ഭൂമി ലഭ്യമാക്കുന്നതിനായി ഷാര്‍ജ ഭരണാധികാരിയുമായി ബന്ധപ്പെടുന്നതിന് കോണ്‍സുല്‍ ജനറലിന് കൈക്കൂലി അടങ്ങിയ ബാഗ് നല്‍കിയെന്നും അത് സരിത്താണ് ഏറ്റുവാങ്ങിയതെന്നും അത് പിന്നീട് കസ്റ്റംസ് പിടിച്ചെടുത്തുവെന്നുമുള്ള ആരോപണമാണ് സ്വപ്ന ഉന്നയിക്കുന്നത്. 16/06/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.