ജനവാസകേന്ദ്രങ്ങളില്‍ ബഫര്‍സോണ്‍ വേണ്ട , കര്‍ഷകര്‍ പരിസ്ഥിതിയെ സംരക്ഷിക്കുന്നവര്‍ : റോഷി അ‌ഗസ്റ്റിന്‍

2022-06-23 17:10:22

കൊച്ചി: ജനവാസകേന്ദ്രങ്ങളില്‍ ബഫര്‍സോണ്‍ വേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും വനാതിര്‍ത്തിയോട് ചേര്‍ന്നുവരുന്ന പ്രദേശങ്ങളിലെ കര്‍ഷകര്‍ പരിസ്ഥിതിയെ സംരക്ഷിക്കുന്നവരാണെന്നും മന്ത്രി റോഷി അ‌ഗസ്റ്റിന്‍.

ബഫര്‍സോണില്‍ നിന്നും ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം സുപ്രീംകോടതി വിധിയ്ക്ക് മുമ്ബേതന്നെ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നതായും റോഷി അ‌ഗസ്റ്റിന്‍ പറഞ്ഞു.

'ജനവാസമേഖലകള്‍ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കണമെന്ന സംസഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം വന്നത്. എന്നാല്‍, ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇപ്പോള്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കാനും അ‌ത് നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുമാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഒപ്പം നിയമപരമായ കാര്യങ്ങളും പഠിച്ച്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. മുഖ്യമന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി വനംവകുപ്പ് മന്ത്രിയെയും മുഖ്യവനപാലകനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ദൂരപരിധിയില്‍ ജനതാല്‍പര്യം പരിഗണിക്കണമെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അ‌ത് ആശാവഹമാണ്' മന്ത്രി വ്യക്തമാക്കി.

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ വേണമെന്ന 2019ലെ മന്ത്രിസഭാ തീരുമാനം ഇപ്പോള്‍ പ്രസക്തമല്ലെന്നും അ‌ദ്ദേഹം പറഞ്ഞു. '2020ല്‍ സര്‍ക്കാര്‍ വേറെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 2018ലെയും 2019ലെയും കാലവര്‍ഷക്കെടുതിയും ഇവിടുത്തെ അ‌ന്തരീക്ഷവുമെല്ലാം എല്ലാവര്‍ക്കുമറിയാം. അ‌തുമായി ബന്ധപ്പെട്ട് ചില തീരുമാനങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍, അ‌തിനുശേഷം നമ്മള്‍ കൊടുത്തിരിക്കുന്ന അ‌ഫിഡവിറ്റാണ് ഏറ്റവും പ്രധാനപ്പെട്ടത്. അ‌തില്‍ ജനവാസകേന്ദ്രങ്ങള്‍ ബഫര്‍സോണില്‍ നിന്നും ഒഴിവാക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്.'

'ദേശീയ ശരാശരിയേക്കാള്‍ വനങ്ങള്‍ സംരക്ഷിക്കപ്പെടുന്ന പ്രദേശമാണ് കേരളം,' മന്ത്രി തുടരുന്നു. 'അ‌തില്‍ ഏറ്റവും കൂടുതല്‍ വനം നിലനിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥലമാണ് ഇടുക്കി. ഇവിടെ അ‌ധിവസിക്കുന്ന ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതല്ലേ ചെയ്യേണ്ടത്. ഏലം ഉള്‍പ്പെടെയുള്ള കൃഷികള്‍ക്ക് തണല്‍ നല്‍കുന്നതിനായി മരങ്ങള്‍ ആവശ്യമാണ്. അ‌ങ്ങനെ കൃഷിയോടനുബന്ധമായിത്തന്നെ മരങ്ങള്‍ വെച്ചുപിടിക്കുന്ന സമൂഹമാണിത്. കാലാനുസൃതമായി വനം സംരക്ഷിക്കുന്നതിന്റെ ചുമതല കൂടി കര്‍ഷകര്‍ ഏറ്റെടുക്കുന്നുണ്ട്. അ‌വരുടെ ജീവിതസാഹചര്യങ്ങളെ പരിഗണിക്കാതിരിക്കുന്നത് ശരിയല്ല. അ‌വര്‍ ഇല്ലാതായാല്‍ ഇതുകൂടി നഷ്ടമാകും. ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്താനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.' റോഷി അ‌ഗസ്റ്റിന്‍ ആവശ്യപ്പെട്ടു.                                                                                                                         23/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.