സാമ്ബത്തിക ഇടപാടിലെ തര്‍ക്കം : കാസര്‍ഗോഡില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ആശുപത്രിയില്‍ ഉപേക്ഷിച്ചു

2022-06-27 17:02:04

   
കാസര്‍കോട്: സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ആശുപത്രിയില്‍ ഉപേക്ഷിച്ചു.

കുമ്ബള സീതാംഗോളി മുഗുറോഡിലെ പരേതനായ അബ്ദുള്‍ റഹ്‌മാന്റെ മകന്‍ സിദ്ദിഖ് (32) ആണ് കൊല്ലപ്പെട്ടത്.

സഹോദരന്‍ അന്‍സാരിയെയും സുഹൃത്തിനെയും കഴിഞ്ഞദിവസം ഒരുസംഘം തട്ടിക്കൊണ്ടുപോയിരുന്നതായി പോലീസ് പറഞ്ഞു. ഇവരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഗള്‍ഫിലായിരുന്ന സിദ്ദിഖിനെ സംഘം നാട്ടിലെത്തിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ഗള്‍ഫില്‍നിന്നെത്തിയ സിദ്ദിഖിനെ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി ഏഴരയോടെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ സിദ്ദിഖിനെ എത്തിച്ച്‌ സംഘം കടന്നുകളഞ്ഞു. ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലെ ഡോക്ടര്‍മാരും നഴ്‌സുമാരും പരിശോധിച്ചപ്പോഴാണ് സിദ്ദിഖ് മരിച്ചതായി ബോധ്യപ്പെട്ടത്. തുടര്‍ന്ന് മരണവിവരം അറിയിക്കാന്‍ ഒപ്പമെത്തിയവരെ അന്വേഷിച്ചപ്പോഴേക്കും അവര്‍ കടന്നുകളഞ്ഞിരുന്നു.

ഗള്‍ഫിലേക്കുള്ള പണം കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിലേക്കും കൊലയിലേക്കും നയിച്ചതെന്നാണ് പോലീസ് അനുമാനിക്കുന്നത്. സിദ്ദിഖിന് കാലിനടിയില്‍ മാത്രമാണ് പരിക്കുള്ളത്. വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന, കാസര്‍കോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍, കുമ്ബള ഇന്‍സ്‌പെക്ടര്‍ പി. പ്രമോദ് തുടങ്ങിയവര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. വിദഗ്‌ധ പരിശോധനയ്ക്കായി മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്‌പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.                                                                         27/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.