കോട്ടയത്ത് അധ്യാപിക ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

2022-07-02 17:03:40

 കോട്ടയം: തിരുവല്ലയില്‍ ട്രെയിനില്‍ നിന്ന് വീണ് അധ്യാപിക മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. കോട്ടയം മേലുകാവ് സ്വദേശി ജിന്‍സി ജെയിംസിന്‍റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ്, റെയില്‍വെ പൊലീസിന് പരാതി നല്‍കി.

ട്രെയിനിനുളളില്‍ ആരുടെയോ ആക്രമണം ഭയന്ന് രക്ഷപ്പെടാനുളള ശ്രമത്തിനിടെ ജിന്‍സി താഴെ വീഴുകയായിരുന്നു എന്നാണ് കുടുംബത്തിന്‍റെ സംശയം.

തിങ്കളാഴ്ച വൈകിട്ട് ഏഴു മണിക്കാണ് ജിന്‍സി ജെയിംസ് എന്ന മുപ്പത്തിയേഴുകാരിയുടെ ജീവനെടുത്ത അപകടം തിരുവല്ല റെയില്‍വെ സ്റ്റേഷനു സമീപം ഉണ്ടായത്. വര്‍ക്കലയിലെ സ്കൂളില്‍ അധ്യാപികയായ ജിന്‍സി, കോട്ടയത്തേക്കുളള പാസഞ്ചര്‍ ട്രയിനില്‍ വനിതാ കമ്ബാര്‍ട്ട്മെന്‍റിലാണ് യാത്ര ചെയ്തിരുന്നത്. തിരുവല്ല റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ട്രയിന്‍ നീങ്ങി പ്ലാറ്റ്ഫോം തീരാറായ സ്ഥലത്ത് എത്തിയപ്പോള്‍ ട്രയിനില്‍ നിന്ന് ജിന്‍സി വീഴുന്നതാണ് മറ്റുളളവര്‍ പിന്നീട് കണ്ടത്.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജിന്‍സി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. ട്രയിനില്‍ നിന്ന് ഇറങ്ങാനുളള ശ്രമത്തിനിടെ ജിന്‍സി വീണാതാകാമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ കോട്ടയത്തേക്ക് യാത്ര ചെയ്യുന്ന ജിന്‍സി തിരുവല്ലയില്‍ ഇറങ്ങാനുളള സാഹചര്യമില്ലെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. തിരുവല്ലയില്‍ നിന്ന് ട്രയിന്‍ നീങ്ങിതുടങ്ങിയ ശേഷം മുഷിഞ്ഞ വസ്ത്രം ധരിച്ച അജ്ഞാതനായ ഒരാള്‍ ജിന്‍സി യാത്ര ചെയ്ത കംപാര്‍ട്ട്മെന്‍റില്‍ കയറിയിരുന്നെന്ന് ചില യാത്രക്കാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇങ്ങനെയൊരാള്‍ കയറിയെങ്കില്‍ ഇയാളുടെ ആക്രമണം ഭയന്ന് ജിന്‍സി പുറത്തേക്ക് ചാടിയതാകുമോ എന്ന ചോദ്യമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്.

സംഭവ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചെങ്കിലും ഇത് വ്യക്തമല്ല. ജിന്‍സി യാത്ര ചെയ്തിരുന്ന ബോഗിയില്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് റെയില്‍വെ പൊലീസിന്‍റെ അനുമാനം. അതുകൊണ്ടു തന്നെ അക്രമം ഭയന്ന് ജിന്‍സി പുറത്തുചാടിയതാകാം എന്ന വാദത്തില്‍ കഴമ്ബില്ലെന്ന നിഗമനത്തിലാണ് പൊലീസ്. പക്ഷേ തിരുവല്ലയില്‍ ജിന്‍സി ഇറങ്ങാന്‍ ശ്രമിച്ചതിന്‍റെ കാരണം കൃത്യമായി പറയാനും പൊലീസിന് കഴിയുന്നില്ല. ഭര്‍ത്താവിന്‍റെ പരാതിയുടെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം തന്നെ വിഷയത്തില്‍ നടത്തുമെന്ന് കേസ് അന്വേഷിക്കുന്ന കോട്ടയം ആര്‍പിഎഫ് യൂണിറ്റ് വ്യക്തമാക്കി. മറ്റ് ബോഗികളിലെ മുഴുവന്‍ യാത്രക്കാരെയും കണ്ടെത്തി മൊഴിയെടുക്കുന്നത് അടക്കമുള്ള നടപടികളിലേക്കാണ് ആര്‍പിഎഫ് കടക്കുന്നത്.                                                                                                                            02/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.