രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന് : ദ്രൗപദി മുര്‍മുവും യശ്വന്ത് സിന്‍ഹയും നേര്‍ക്കുന്നേര്‍
2022-07-18 16:55:45

ന്യൂഡല്‍ഹി : ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി ഇന്നു നടക്കും.
എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവും സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയും തമ്മിലാണു മത്സരം. 60 ശതമാനത്തിലേറെ വോട്ട് ലഭിക്കുമെന്നു കരുതുന്ന ദ്രൗപദി മുര്‍മു ജയമുറപ്പിച്ചു. വോട്ടെണ്ണല്‍ 21ന് പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കും. പുതിയ രാഷ്ട്രപതി അടുത്ത തിങ്കളാഴ്ച സ്ഥാനമേല്‍ക്കും.
എംപിമാരും എംഎല്‍എമാരുമായി ആകെ 4809 വോട്ടര്‍മാരാണുള്ളത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ട്. എംപിമാര്‍ക്ക് പച്ച നിറമുള്ള ബാലറ്റും എംഎല്‍എമാര്‍ക്ക് പിങ്ക് ബാലറ്റുമാണ്. എംപിയുടെ വോട്ടുമൂല്യം 700. സംസ്ഥാനങ്ങളിലെ ജനസംഖ്യ (1971 സെന്‍സസ് പ്രകാരം) അനുസരിച്ചാണ് എംഎല്‍എമാരുടെ വോട്ടുമൂല്യം. കേരളത്തിലെ ഒരു എംഎല്‍എയുടെ വോട്ടുമൂല്യം 152. ആകെ വോട്ടര്‍മാരുടെ വോട്ടുമൂല്യം 10,86,431.
ഇപ്പോഴത്തെ സാഹചര്യത്തില്‍ 6.67 ലക്ഷം വോട്ടുകള്‍ ദ്രൗപദി മുര്‍മുവിനു കിട്ടുമെന്നാണ് കണക്കുകൂട്ടല്‍. ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ആദ്യ വനിതാ രാഷ്ട്രപതിയാകും അവര്‍. തിരഞ്ഞെടുപ്പു കമ്മിഷന് നല്കുന്ന വയലറ്റ് മഷിയുള്ള പ്രത്യേക പേന ഉപയോഗിച്ചു മാത്രമേ ബാലറ്റില്‍ വോട്ടു രേഖപ്പെടുത്താനാവൂ. മറ്റു പേനകളുപയോഗിച്ചാല്‍ അസാധുവാകും.
രാവിലെ 10 മുതല്‍ 5 വരെയാണു വോട്ടിങ്. പാര്‍ലമെന്റിലെ 63-ാം നമ്ബര്‍ മുറിയിലും അതതു നിയമസഭകളില്‍ പ്രത്യേകം സജ്ജമാക്കിയ ബൂത്തിലുമാണു വോട്ടെടുപ്പ് നടക്കുക. 94 പേര് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നെങ്കിലും മുര്‍മുവും സിന്‍ഹയും മാത്രമേ മത്സരരംഗത്ത് അവശേഷിക്കുന്നുള്ളൂ. രാജ്യസഭാ സെക്രട്ടറി ജനറല്‍ പി.സി.മോദിയാണ് വരണാധികാരി.
ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കുന്നവര്‍
ബിജെപി, ജെഡിയു, അണ്ണാ ഡിഎംകെ, ബിജെഡി, ബിഎസ്പി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, അപ്നാദള്‍, ശിവസേന, ശിവസേന (വിമതപക്ഷം), ജെഎംഎം, ടിഡിപി, പട്ടാളിമക്കള്‍ കക്ഷി, നാഗാ പീപ്പിള്‍സ് പാര്‍ട്ടി, ജെജെപി, യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍, മിസോ നാഷനല്‍ ഫ്രണ്ട്, നിഷാദ് പാര്‍ട്ടി, ഓള് ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്, ലോക്ജനശക്തി പാര്‍ട്ടി, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന, ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ്, സിക്കിം ക്രാന്തികാരി മോര്‍ച്ച,
ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്, രാഷ്ട്രീയ സമാജ് പക്ഷ, ജനസേന പാര്‍ട്ടി, ഓള് ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ് (പുതുച്ചേരി), ഹരിയാന ലോകഹിത് പാര്‍ട്ടി, യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി, ജെഡിഎസ്, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, കുകി പീപ്പീള്‍സ് അലയന്‍സ്, ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അഠാവ്ലെ), തമിഴ് മാനില കോണ്‍ഗ്രസ് മൂപ്പനാര്‍, ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര, പുരച്ചി ഭാരതം കക്ഷി, ശിരോമണി അകാലിദള്‍, ജനസത്ത ദള്‍ ലോക്താന്ത്രിക്.
യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുന്നവര്‍
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, സിപിഎം, സിപിഐ, ടിആര്‍എസ്, എസ്പി, ആര്‍ജെഡി, ആം ആദ്മി, ആര്‍എല്‍ഡി, സിപിഐഎംഎല്‍, മുസ്ലിം ലീഗ്, നാഷനല്‍ കോണ്‍ഫറന്‍സ്, വിടുതലൈ ചിരുതായിഗല്‍ കക്ഷി, എംഡിഎംകെ, ആര്‍എസ്പി, എഐഎംഐഎം, എഐയുഡിഎഫ്, റായ്ജോര്‍ ദള്‍,
മനിതനേയ മക്കള്‍ കക്ഷി, കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ജേക്കബ്), കേരള കോണ്‍ഗ്രസ്(ബി), കൊങ്ങുദേശ മക്കള്‍ കക്ഷി, ആര്‍എംപി, കോണ്‍ഗ്രസ് സെക്കുലര്‍ (സിഎസ്), ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍, നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, നാഷനലിസ്റ്റ് കോണ്‍ഗ്രസ് കേരള, ഗോര്‍ഖ ജന്മുക്തി മോര്‍ച്ച, തമിഴക വാഴ്വുരിമൈ കക്ഷി
തീരുമാനം വ്യക്തമാക്കാത്തവര്‍
ശിരോമണി അകാലിദള്‍ അമൃത്സര്‍, സ്വാഭിമാനപക്ഷ, ഐഎന്‍എല്‍ഡി, റവല്യൂഷനറി ഗോവന്‍സ് പാര്‍ട്ടി, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി, രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്, സോറം പീപ്പിള്‍സ് മൂവ്മെന്റ്, ഗോവ ഫോര്‍വേഡ് പാര്‍ട്ടി, ബഹുജന്‍ വികാസ് അഘാഡി ആന്‍ഡ് പെസന്റ്സ് വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് ഇന്ത്യ, പ്രഹര് ജനശക്തി പാര്‍ട്ടി, ഇന്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി. 18/07/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.