ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ക്ക് 5% ജിഎസ്ടി‍ എര്‍പ്പെടുത്തുന്നതിനെ കേരളം ഉള്‍പ്പടെ ഒരു സംസ്ഥാനവും എതിര്‍ത്തില്ല; ഏകകണ്ഠമായ തീരുമാനമെന്ന് ഉദ്യോഗസ്ഥര്‍

2022-07-19 16:52:59

ന്യൂദല്‍ഹി : ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ക്ക് 5% ചരക്ക് സേവന നികുതി(ജിഎസ്ടി) ഏര്‍പ്പെടുത്തുന്നതിനെ കേരളം ഉള്‍പ്പടെ ഒരു സംസ്ഥാനവും എതിര്‍ത്തിരുന്നില്ലെന്ന് റിപ്പോര്‍ട്ട്.

ലേബല്‍ ചെയ്ത് വില്‍ക്കുന്ന 25 കിലോഗ്രാം വരെയുള്ള ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ക്ക് ജിഎസ്ടി എര്‍പ്പെടുത്താന്‍ കഴിഞ്ഞ മാസം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനിച്ചത്. ഇതില്‍ കേരളവും പങ്കെടുത്തെങ്കിലും ഒരു സംസ്ഥാനവും ഇതിനെ എതിര്‍ത്തില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇത് കൂടാതെ കര്‍ണാടക, ബീഹാര്‍, ഗോവ, കേരളം, രാജസ്ഥാന്‍ ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ ഏഴ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ ശുപാര്‍ശ പ്രകാരമാണ് ജിഎസ്ടിയില്‍ മാറ്റം വരുത്തിയതെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 29-ന് ഛത്തീസ്ഗഢില്‍ നടന്ന 47-ാമത് ജിഎസ്ടി കൗണ്‍സിലിലാണ് ഭക്ഷ്യോത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള തീരുമാനം അംഗീകരിച്ചത്.

2017 ജൂലായിയില്‍ ആരംഭിച്ചത് മുതല്‍ ഒരു സംഭവത്തില്‍ ഒഴികെ കൗണ്‍സിലിന്റെ എല്ലാ തീരുമാനങ്ങളും സംസ്ഥാനങ്ങള്‍ ഏകകണ്ഠമായാണ് കൈക്കൊണ്ടിട്ടുള്ളത്. ലേബല്‍ ചെയ്ത് വില്‍ക്കുന്ന സാധനങ്ങള്‍ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാനുള്ള നീക്കത്തെ ഒരു സംസ്ഥാനവും എതിര്‍ത്തിട്ടില്ലെന്നും ഇതില്‍ പറയുന്നുണ്ട്.

ജിഎസ്ടി എര്‍പ്പെടുത്തിയതില്‍ പ്രതിഷേധം അറിയിച്ച്‌ കേന്ദ്ര ധനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചതിന് പിന്നാലെയാണ് യോഗത്തില്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ജിഎസ്ടിയെ എതിര്‍ത്തിരുന്നില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഏര്‍പ്പെടുത്തിയ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്നാണ് മുഖ്യമന്ത്രിയുടെ കത്തില്‍ പ്രതിപാദിക്കുന്നത്.

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അധ്യക്ഷയായ കൗണ്‍സിലില്‍ സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളാണ്. ജിഎസ്ടി നിരക്ക് സംബന്ധിച്ച കേന്ദ്ര വിജ്ഞാപനത്തില്‍ വ്യാപകമായ സംശയങ്ങളും വിമര്‍ശനങ്ങളും രാജ്യത്താകെ ഉയര്‍ന്നു വന്നിട്ടുണ്ട്. ജിഎസ്ടി നിരക്കുകള്‍ സംബന്ധിച്ച കമ്മിറ്റികളിലും ജിഎസ്ടി കൗണ്‍സില്‍ യോഗങ്ങളിലും കേരളം കൃത്യമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞിരുന്നത്. ഈ കേരള സര്‍ക്കാരിന്റെ ഈ വാദങ്ങളെല്ലാം തെറ്റാണെന്നാണ് റിപ്പോര്‍ട്ട് ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്.                                                                                                                                               19/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.