കുടുംബത്തിന് വിഷം നല്കി ആത്മഹത്യ: അധ്യാപകനും മകളും മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍
2022-07-21 16:58:12

കരൂര്‍: തമിഴ്നാട്ടിലെ കരൂരില്‍ കുടുംബത്തിന് വിഷം നല്കി അധ്യാപകന് ആത്മഹത്യ ചെയ്തു. കരൂരിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളില്‍ അധ്യാപകനായ മുഹമ്മദ് ഫരീദ് (49) ആണ് ജീവനൊടുക്കിയത്.
ഇയാള്‍ വിഷം കഴിപ്പിച്ച മകള്‍ മകള്‍ ജുഗിന്നാജ് (16) ചികിത്സ കിട്ടാതെ മരിച്ചു. ഭാര്യ നസ്രീന് ബാനു (39) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വിഷം കഴിക്കാത്തതിനെ തുടര്‍ന്ന് മകന് തന്‍വീര്‍ (9) രക്ഷപ്പെട്ടു.
കരൂര്‍ ഗാന്ധിഗ്രാം ഈസ്റ്റ് ട്രാന്‍സ്പോര്‍ട്ട് നഗറില്‍ വീട് വെക്കുന്നതിനായി മുഹമ്മദ് ഫരീദ് വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടക്കാന്‍ കഴിയാതിരിക്കുകയും ബാങ്കില്‍ നിന്ന് നോട്ടീസ് വരികയും ചെയ്തതിനെ തുടര്‍ന്ന് ദീര്‍ഘനാളായി ഇയാള്‍ മാനസിക സമ്മര്‍ദത്തിലായിരുന്നു. ഇതാണ് കുടുംബത്തെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ഇയാളെ പ്രേരിപ്പിച്ചത് എന്നാണ് നിഗമനം.
ബുധനാഴ്ച രാത്രി മുഹമ്മദ് ഫരീദ് ഭാര്യയ്ക്കും പ്ലസ്ടുവിന് പഠിക്കുന്ന മകള്‍ ജുഗിന്നാജിനും നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് തന്‍വീറിനും അവരറിയാതെ വെള്ളത്തില്‍ വിഷം കലര്‍ത്തി നല്‍കുകയും പിന്നീട് സ്വയം വിഷം കഴിക്കുകയുമായിരുന്നു. വിഷം അകത്തുചെന്ന ജുഗിന്നാജ് അധികം വൈകാതെ മരണപ്പെട്ടു. ഭയചകിതനായ മുഹമ്മദ് ഫരീദ് വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ബന്ധുക്കള്‍ ഇയാളെയും നസ്രീന് ബാനുവിനെയും ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ ഫരീദ് മരിച്ചു.
ആദ്യം കരൂരിലെയും പിന്നീട് കോയമ്ബത്തൂരിലും സ്വകാര്യ ആശുപത്രികളില്‍ കൊണ്ടുപോയ നസ്രീന് ബാനു നിലവില്‍ കരൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിഷം കലര്‍ത്തിയ വെള്ളം കുടിക്കാത്തതിനാല്‍ ഒന്‍പത് വയസ്സുകാരനായ മുഹമ്മദ് തന്‍വീര്‍ ജീവാപായമില്ലാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ താന്തോണിമല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. 21/07/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.