ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ദിനേശ്‌ ഗുണവര്‍ധനെ സ്ഥാനമേറ്റു

2022-07-22 17:16:03

 കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ദിനേശ്‌ ഗുണവര്‍ധനെ സ്ഥാനമേറ്റു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയ്ക്ക് മുമ്ബാകെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.

ലങ്കയുടെ 15-ാമത് പ്രധാനമന്ത്രിയാണ് 73-കാരനായ ദിനേശ്‌ ഗുണവര്‍ധനെ.

മുന്‍ ആഭ്യന്തര മന്ത്രിയും ഗോതബായ അനുകൂലിയുമാണ് ദിനേശ്‌ ഗുണവര്‍ധനെ. വിദേശകാര്യ മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും അദ്ദേഹം നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലങ്കയില്‍ കഴിഞ്ഞ ദിവസമാണ് പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ അധികാരമേറ്റത്. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച രാവിലെ പുതിയ പ്രധാനമന്ത്രിയും സ്ഥാനമേറ്റത്.

സാമ്ബത്തികപ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ കരകയറ്റുക എന്ന വലിയദൗത്യമാണ് പുതിയ സര്‍ക്കാരിനുള്ളത്. ഐ.എം.എഫുമായുള്ള കടാശ്വാസ ചര്‍ച്ചകള്‍ പുനരാരംഭിക്കുക, സഖ്യകക്ഷിസര്‍ക്കാര്‍ രൂപവത്കരിക്കുക എന്നിവയാകും ആദ്യനടപടികള്‍. 20-25 അംഗങ്ങള്‍വരെയുള്ള മന്ത്രിസഭയ്ക്ക് വരുംദിവസങ്ങളില്‍ രൂപംനല്‍കുമെന്നാണ് സൂചന. പുതിയ സര്‍ക്കാരിന് ക്രിയാത്മകപിന്തുണ നല്‍കുമെന്ന് പ്രതിപക്ഷനേതാവ് സജിദ് പ്രേമദാസ റനില്‍ വിക്രമസിംഗെയെ നേരിട്ടുകണ്ട് അറിയിച്ചിരുന്നു.

ജനകീയപ്രക്ഷോഭത്തെത്തുടര്‍ന്ന് രാജപക്‌സെമാര്‍ അധികാരത്തില്‍നിന്ന് പുറത്തായെങ്കിലും അവരുടെ ശ്രീലങ്ക പൊതുജന പെരമുന കക്ഷിയുടെ പിന്തുണയാണ് റനില്‍ വിക്രംസിംഗെയെ അധികാരത്തിലെത്തിച്ചത്. അതേസമയം, രാജപക്‌സെവിരുദ്ധസമരം ഇപ്പോള്‍ റനില്‍വിരുദ്ധ സമരമായിട്ടുണ്ട്. മാസങ്ങളായി തുടരുന്ന ക്രമസമാധാനപ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് പുതിയ സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

അതിനിടെ ജനകീയ പ്രക്ഷോഭകാരികള്‍ക്കുനേരേ സുരക്ഷാ സേന നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ പ്രക്ഷോഭകാരികളുടെ ക്യാമ്ബില്‍ റെയ്ഡ് നടത്തിയ സൈന്യവും പോലീസും ഒമ്ബതുപേരെ അറസ്റ്റ് ചെയ്തു. പ്രക്ഷോഭകാരികളുടെ ടെന്റുകളും പൊളിച്ചുനീക്കി. സേനയുടെ നടപടിയില്‍ അമ്ബതോളം പേര്‍ക്ക് പരിക്കേറ്റു. വിക്രമസിംഗെ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെയായിരുന്നു സുരക്ഷാ സേനയുടെ നടപടി.                                     22/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.