'ദ്രൗപദി രാഷ്ട്രപതി'; 15ാം രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

2022-07-25 17:15:41

 
ഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.

രമണ സത്യവാചകം ചൊല്ലി കൊടുത്തു. സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യ രാഷ്ടപതിയെന്ന ഖ്യാതി കൂടി ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാരോഹണത്തിനുണ്ട്. രാജ്യം 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ഒരുങ്ങുമ്ബോഴാണ് ഗോത്ര വിഭാഗത്തില്‍ നിന്നുള്ള നേതാവ് രാജ്യത്തിന്റെ അമരക്കാരിയാകുന്നത്.

രാഷ്ട്രപതി രാം നാഥ് കോവിന്ദിനൊപ്പം ലിമോസിനില്‍ പാര്‍ലമെന്റിലേക്ക് ദ്രൗപതി മുര്‍മു എത്തിച്ചേര്‍ന്നത്. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലെ ചടങ്ങിലാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്. രാഷ്ട്രപതി ഭവനരികെ 21 ആചാര വെടി മുഴക്കിയാണ് മൂന്നു സേനകള്‍ക്കും പുതിയ മേധാവി ചുമതലയേറ്റ വിവരം പുറംലോകത്തെ അറിയിക്കുന്നത്.

പ്രതിപക്ഷ നിരയില്‍ നിന്ന് പോലും വോട്ടുകള്‍ സമാഹരിച്ചാണ് 64 ശതമാനം പിന്തുണ ഈ 64 കാരി നേടിയത്. ആദിവാസി വിരുദ്ധമായ ബി.ജെ.പി സര്‍ക്കാരിന്റെ ബില്‍ തിരിച്ചയച്ച ജാര്‍ഖണ്ഡ് ഗവര്‍ണറാണ് ദ്രൗപദി മുര്‍മു. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പദവിയിലേക്ക് പരിഗണിക്കുന്ന ആദ്യ വ്യക്തിയെന്ന പ്രത്യേകതയും ദ്രൗപദി മുര്‍മുവിനുണ്ട്.

ഒഡിഷയില്‍ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുര്‍മു. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. കൗണ്‍സിലറായാണ് ദ്രൗപതി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റൈരംഗ്പൂര്‍ ദേശീയ ഉപദേശക സമിതിയുടെ വൈസ് ചെയര്‍പേഴ്‌സണായി. 2015ല്‍ ദ്രൗപതിയെ ജാര്‍ഖണ്ഡിന്റെ ഗവര്‍ണറായി നിയമിച്ചു. ജാര്‍ഖണ്ഡില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ ഗവര്‍ണറും ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന പ്രത്യേകതയും ദ്രൗപദി മുര്‍മുവിന് സ്വന്തമാണ്.

1958 ജൂണ്‍ 20നാണ് മയൂര്‍ഭഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തില്‍ ദ്രൗപതി മുര്‍മു ജനിച്ചത്. ബിരാഞ്ചി നാരായണ്‍ തുഡുവാണ് പിതാവ്. ആദിവാസി വിഭാഗമായ സാന്താള്‍ കുടുംബത്തിലായിരുന്നു ജനനം. രമാദേവി വിമന്‍സ് യൂണിവേഴ്‌സിറ്റിയിലായിരുന്നു വിദ്യാഭ്യാസം. ശ്യാംചരണ്‍ മുര്‍മുവാണ് ഭര്‍ത്താവ്. രണ്ടാണ്‍മക്കളും ഒരു പെണ്‍കുട്ടിയുമുണ്ട്. ഭര്‍ത്താവും രണ്ടാണ്‍കുട്ടികളും മരിച്ചു.                                                                                                                    25/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.