യുവാവിന്‍റെ കസ്റ്റഡി മരണം : വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും മാറ്റി

2022-07-26 17:04:12

കോഴിക്കോട്: വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് 66 പൊലീസുകാരെ മാറ്റിയത്.

കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മാനുഷിക പരിഗണന ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സംഭവത്തില്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഐ.ജി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഉത്തരമേഖല ഐ.ജി ടി വിക്രമാണ് റിപ്പോര്‍ട്ട് പൊലീസ് മേധാവിയ്ക്ക് കൈമാറിയത്. പൊലീസുകാര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായി എന്നായിരുന്നു ഐ.ജിയുടെ കണ്ടെത്തല്‍.

കഴിഞ്ഞയാഴ്ചയാണ് മദ്യപിച്ച്‌ പ്രശ്നമുണ്ടാക്കിയെന്നാരോപിച്ച്‌ പൊലീസ് സജീവനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ വച്ച്‌ നെഞ്ച് വേദന അനുഭവപ്പെട്ട സജീവന്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞെങ്കിലും ഗ്യാസിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് മുക്കാല്‍ മണിക്കൂറുകളോളം സ്റ്റേഷനില്‍ ഇരുത്തുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയില്‍ പോകണം എന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

പൊലീസ് വാഹനം ഉണ്ടായിട്ടും അതില്‍ കൊണ്ടുപോകാനോ ആംബുലന്‍സ് വിളിക്കാനോ പൊലീസ് തയ്യാറായില്ല. സുഖമില്ലാതെ കിടക്കുന്നത് കണ്ട ഓട്ടോതൊഴിലാളികളാണ് ആംബുലന്‍സ് വിളിച്ച്‌ മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുന്നത്. രാത്രി 12 മണിയോടെയാണ് സജീവന്‍ മരിച്ചത്. സജീവനെ പൊലീസ് മര്‍ദിച്ചു എന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.                         26/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.