അണയാത്ത അഗ്നിച്ചിറകുകള്‍; ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഏഴ് വയസ്

2022-07-27 17:07:18

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴ് വയസ്. അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം എന്ന എപിജെ അബ്ദുള്‍ കലാമിന്റെ മുഖമുദ്ര തന്നെ ലാളിത്യമായിരുന്നു.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രപതിമാരില്‍ ഒരാള്‍. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന കലാം ജനകീയനായ രാഷ്ട്രപതിമാരില്‍ ഒരാള്‍ കൂടിയായിരുന്നു.
ഏതു പ്രതിസന്ധിയിലും സംയമനം കൈവിടാത്ത കലാം കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഏറെ പ്രചോദനമായിരുന്നു. ബഹിരാകാശ എന്‍ജിനീയറിംഗ് പഠനശേഷം ഡിആര്‍ഡിഒയില്‍ ശാസ്ത്രജ്ഞനായി. വൈകാതെ അവിടെ നിന്നും ഇന്ത്യയുടെ അഭിമാനമായ ഐഎസ്‌ആര്‍ഒയിലേയ്ക്ക്.

വിക്രം സാരാഭായി വിഭാവനം ചെയ്ത ദശവത്സര പദ്ധതിയിലൂടെ ഇന്ത്യന്‍ ബഹിരാകാശ സ്ഥാപനത്തെ മുന്‍നിരയിലെത്തിക്കാന്‍ എ.പിജെ അബ്ദുള്‍ കലാമിന് കഴിഞ്ഞു. ലോകോത്തര നിലവാരമുള്ള ഹ്രസ്വ, ദീര്‍ഘദൂര മിസൈലുകള്‍ കൊണ്ട് മൂന്ന് സേനകളെയും ആധുനികവല്‍ക്കരിച്ച കലാം ഇന്ത്യയുടെ മിസൈല്‍മാന്‍ എന്നറിയപ്പെട്ടു, ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി.

രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റെയും, ലോഞ്ചിംഗ് വെഹിക്കിളിന്റെയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും അബ്ദുള്‍കലാം വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കി. അഗ്‌നി, പൃഥ്വി എന്നീ മിസൈലുകളുടെ ഉപജ്ഞാതാവ്. 1998ല്‍ പൊക്രാനിലെ നടന്ന രണ്ടാം അണ്വായുധ പരീക്ഷണത്തിലും അബ്ദുള്‍ കലാമിന്റെ പങ്ക് വലുതായിരുന്നു.

രാഷ്ട്രപതിഭവന്റെ പടിയിറങ്ങിയതിനു ശേഷവും അവസാന നിമിഷം വരെ തന്നിലെ ജ്വാല, ഭാവിതലമുറയ്ക്ക് പകര്‍ന്നു നല്‍കിയാണ് കലാം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. അമേരിക്കന്‍ ചാര ഉപഗ്രഹങ്ങളെ വെട്ടിച്ച്‌ പൊഖ്‌റാന്‍ 2 അണു ബോംബ് പരീക്ഷണത്തിലൂടെ 1998 മേയില്‍ ഇന്ത്യയെ ആറാമത്തെ ആണവായുധ രാഷ്ട്രമാക്കാന്‍ നേതൃത്വം നല്‍കി.ആത്മകഥയായ അഗ്‌നിച്ചിറകുകള്‍ ഉള്‍പ്പെടെ ഒട്ടേറെ പുസ്തകങ്ങള്‍ എഴുതി കലാം. മുപ്പതിലേറെ സര്‍വകലാശാലകളില്‍ നിന്ന് ഓണററി ഡോക്ടറേറ്റും അദ്ദേഹത്തെ തേടിയെത്തി. പത്മഭൂഷനും, പത്മവിഭൂഷനും, രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌നയും നല്‍കി രാജ്യം ആ പ്രതിഭയെ ആദരിച്ചു.                                                                                                                                         27/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.