സാധാരണക്കാരന്റെ വയറ്റത്തടിച്ച്‌ കേന്ദ്രം : തൊഴിലുറപ്പ് പദ്ധതിയില്‍ 100 തൊഴില്‍ദിനം ഉണ്ടാകില്ല

2022-07-30 17:10:09

 തൊഴിലുറപ്പ്‌ പദ്ധതിയില്‍ ആഗസ്‌ത്‌ ഒന്നുമുതല്‍ ഒരു പഞ്ചായത്തില്‍ ഒരേസമയം 20 പ്രവൃത്തിമാത്രമേ ഏറ്റെടുക്കാന്‍ പാടുള്ളൂവെന്ന്‌ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്‌.

ഗ്രാമീണമേഖലയില്‍ ഒരു കുടുംബത്തിന്‌ പ്രതിവര്‍ഷം 100 തൊഴില്‍ദിനം നല്‍കണമെന്ന തൊഴിലുറപ്പ്‌ നിയമം ഇതോടെ ഇല്ലാതാകും. ഗ്രാമീണമേഖലയിലെ ദാരിദ്ര്യം ഇല്ലാതാക്കിയ തൊഴിലുറപ്പ്‌ നിയമം കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന്‌ വ്യക്തമായി.

വര്‍ഷംതോറും 100 തൊഴില്‍ദിനം ഉറപ്പാക്കാന്‍ ആവശ്യമായ ഉല്‍പ്പാദന, ആസ്തിവികസന പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ ഇതുവരെ സംസ്ഥാനത്തിന്‌ അധികാരമുണ്ടായിരുന്നു. ഇതിനാണ്‌ കേന്ദ്രം പുതിയ ഉത്തരവിലൂടെ വിലങ്ങിട്ടത്‌. കേരളത്തില്‍ ഓരോ പഞ്ചായത്തിലും കുറഞ്ഞത്‌ 14 മുതല്‍ 24 വാര്‍ഡുവരെയുണ്ട്‌. ഓരോ വാര്‍ഡിലും ശരാശരി ഒരേ സമയം 10 പ്രവൃത്തിവരെ ഏറ്റെടുത്താണ്‌ ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും കേന്ദ്ര നിയമപ്രകാരമുള്ള 100 തൊഴില്‍ദിനം ഉറപ്പാക്കിയത്‌.

സംസ്ഥാനത്ത്‌ 16.45 ലക്ഷം കുടുംബങ്ങളിലായി 18.99 ലക്ഷം റജിസ്‌റ്റര്‍ ചെയ്‌ത തൊഴിലാളികളുണ്ട്‌ .വലിയ പഞ്ചായത്തുകളില്‍ 5000 തൊഴിലാളികള്‍വരെയുണ്ട്‌. ഒരേ സമയം ഒരു വാര്‍ഡില്‍ ഒരു പ്രവൃത്തിപോലും ഏറ്റെടുക്കാനാകാതെ വരുന്നതോടെ ഇവര്‍ക്ക്‌ നിയമപ്രകാരമുള്ള തൊഴില്‍ദിനങ്ങള്‍ ലഭിക്കില്ല. കൂടുതല്‍ വാര്‍ഡുള്ള പഞ്ചായത്തില്‍ ഒരു തൊഴിലാളിക്ക്‌ 100 തൊഴില്‍ദിനത്തിന്റെ നാലിലൊന്നുപോലും നല്‍കാനാകില്ല.

2005 സെപ്‌തംബറില്‍ ഇടതുപക്ഷ പിന്തുണയോടെ പാര്‍ലമെന്റ്‌ പാസാക്കിയ തൊഴിലുറപ്പ്‌ നിയമം രാജ്യത്ത്‌ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്‌ നല്ല പങ്കാണ്‌ വഹിച്ചിരുന്നത്‌. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ തൊഴിലുറപ്പ്‌ പദ്ധതിയുടെ അടങ്കല്‍ വെട്ടികുറയ്‌ക്കാന്‍ തുടങ്ങി. ബിജെപി അധികാരത്തിലെത്തിയതോടെ അതിന്‌ ഗതിവേഗം കൂടി. പുതിയ ഉത്തരവ്‌ രാജ്യത്തെ 16.06 കോടി കുടുംബത്തെ വീണ്ടും അതിദാരിദ്ര്യത്തിലേക്ക്‌ തള്ളിവിടും.                                                                                  30/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.