കരിപ്പൂര്‍ അപകടം : നഷ്ടപരിഹാര വിതരണം പൂര്‍ത്തിയായി
2022-08-04 17:06:03

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും നഷ്ടപരിഹാര വിതരണം പൂര്‍ത്തിയായി.
പരിക്കേറ്റ രണ്ടുപേര്‍ക്ക് മാത്രമാണ് ഇനി തുക ലഭിക്കാനുള്ളത്. അപകടം നടന്ന് രണ്ട് വര്‍ഷത്തിനകംതന്നെ നഷ്ടപരിഹാരം കൈമാറാന്‍ സാധിച്ചു. പൈലറ്റും കോപൈലറ്റും ഉള്‍പ്പെടെ മരണപ്പെട്ട 21 പേരുടെ ബന്ധുക്കള്‍ക്ക് തുക നല്കി. നഷ്ടപരിഹാരമായി ലഭിച്ച തുകയില്‍ യാത്രക്കാരും ആശ്രിതരും തൃപ്തരാണ്. കൂടാതെ, പരിക്കേറ്റവരുടെ ചികിത്സ ചെലവും വിമാനക്കമ്ബനിയാണ് വഹിച്ചത്.
12 ലക്ഷം മുതല്‍ 7.2 കോടി വരെയാണ് നഷ്ടപരിഹാരം ലഭിച്ചതെന്ന് എം.ഡി.എഫ് വിമാനാപകട ചാരിറ്റി ഫൗണ്ടേഷന് ഭാരവാഹികള്‍ പറഞ്ഞു. പരിക്കിന്റെ അവസ്ഥ, തുടര്‍ചികിത്സക്ക് വരുന്ന ചെലവ്, പരിക്ക് ഇവരുടെ ജീവിതത്തില്‍ ഉണ്ടാക്കിയ ആഘാതം, വരുമാനം എന്നിവ കണക്കാക്കിയാണ് നഷ്ടപരിഹാരം നിര്‍ണയിച്ചത്.
ദുബൈയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കും മലപ്പുറം താനൂര്‍ സ്വദേശിക്കും മാത്രമാണ് ഇനി പണം ലഭിക്കാനുള്ളത്. നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുന്നതിന് എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിരവധി തവണ അദാലത്ത് സംഘടിപ്പിച്ചിരുന്നു. ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും ഓഫര്‍ ലെറ്ററും നല്കി. തുടര്‍ന്നാണ് അന്തിമ തുക നിശ്ചയിച്ച് അക്കൗണ്ടിലേക്ക് കൈമാറിയത്.
വിമാനത്തില്‍ ക്രൂ ഉള്‍പ്പെടെ 190 പേരാണ് ഉണ്ടായിരുന്നത്. 18 പേര് അപകടദിവസവും മൂന്നുപേര്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. 169 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 76 പേരുടേത് ഗുരുതര പരിക്കായിരുന്നു. അപകടത്തില്‍പെട്ടവരില്‍ 122 പേരാണ് വിമാനക്കമ്ബനിയുമായി നേരിട്ട് ഇടപെട്ടത്. ബാക്കിയുള്ളവര്‍ യു.എ.ഇ, അമേരിക്ക എന്നിവിടങ്ങളിലെ നിയമസ്ഥാപനം മുഖേനയാണ് നഷ്ടപരിഹാരത്തിന് സമീപിച്ചത്. ഈ രണ്ട് സ്ഥാപനത്തെയും സമീപിച്ചവര്‍ക്ക് മാത്രമാണ് ഇനി തുക കിട്ടാനുള്ളത്. അതേസമയം, 2010 ലെ മംഗളൂരു വിമാനാപകടത്തില്‍ മരണപ്പെട്ട 158 പേരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ഇപ്പോഴും പൂര്‍ണമായി വിതരണം ചെയ്തിട്ടില്ല. 04/08/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.