കണ്ണൂരില്‍ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന് ഒന്‍പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തല്‍ : അടിമകളാക്കി പീഡിപ്പിക്കപ്പെട്ട 11 പെണ്‍കുട്ടികളെ അറിയാമെന്നും പെണ്‍കുട്ടി

2022-08-10 17:05:57

 
  കണ്ണൂര്‍ :സഹപാഠി ലഹരിമരുന്നിന് അടിമയാക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കണ്ണൂരില്‍ 9ാം ക്ലാസുകാരി രംഗത്തു വന്നു.

ഒരു അഭിമുഖത്തിലാണ് ഇരയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

ഇതേ രീതിയില്‍ ലഹരിക്ക് അടിമകളാക്കി പീഡിപ്പിക്കപ്പെട്ട 11 പെണ്‍കുട്ടികളെ അറിയാമെന്നും പെണ്‍കുട്ടി പറഞ്ഞു. മറ്റാര്‍ക്കും ഈ സ്ഥിതി ഉണ്ടാകാതിരിക്കാനാണ് ദുരവസ്ഥ വെളിപ്പെടുത്തുന്നതെന്നു കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി.

മാതാപിതാക്കള്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സഹപാഠിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ജുവനൈല്‍ ഹോമിലായിരുന്ന കുട്ടിയെ പിന്നീടു ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്കു പിന്നില്‍ വലിയ ലഹരി മാഫിയയുണ്ടെന്നു കുടുംബം ആരോപിച്ചു. എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളാണു സംഘം സൗജന്യമായി നല്‍കുന്നത്.

സൗഹൃദമാണെന്നും പിന്നീട് പ്രണയമാണെന്നും ഭാവിച്ച സുഹൃത്ത് മാനസിക സമ്മര്‍ദം കുറയ്ക്കാനെന്ന പേരിലാണ് ആദ്യം ലഹരി നല്‍കിയതത്രെ. ലഹരി ഉപയോഗിച്ച്‌ പലതവണ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ആദ്യം സൗജന്യമായി നല്‍കി ശീലിപ്പിക്കുന്ന ലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് ലഹരിക്കുള്ള പണത്തിനായി ശരീരം വില്‍ക്കാന്‍ പ്രോല്‍സാഹിപ്പിക്കും.

ഇതു നിഷേധിക്കുന്നവരെ അടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ഉള്‍പ്പെടെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. ലഹരിക്ക് അടിമയായതോടെ ആത്മഹത്യാ പ്രവണതയുണ്ടായതായും മാതാപിതാക്കളുടെ കരുതലില്‍ രക്ഷപെട്ടതായും പെണ്‍കുട്ടി പറഞ്ഞു.

ലഹരി വിമുക്തി കേന്ദ്രത്തിലെത്തിച്ച ശേഷം കൗണ്‍സലിങ്ങിലാണ് ലൈംഗിക പീഡനം അടക്കമുള്ള കാര്യങ്ങള്‍ കുട്ടി വെളിപ്പെടുത്തിയത്. ഒരു കുട്ടിയുടെ മാതാപിതാക്കള്‍ മാത്രമാണു പരാതിയുമായി എസിപിയെ സമീപിച്ചത്. ഉടന്‍ തന്നെ പൊലീസ് നടപടിയെടുത്തതായും മാതാപിതാക്കള്‍ പറഞ്ഞു. ഫോട്ടോകളും വിഡിയോകളും മറ്റ് വിവരങ്ങളും പൊലീസിനു കൈമാറിയിട്ടുണ്ട്. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും ഇവര്‍ അറിയിച്ചു.

കേസിലെ പ്രതിയായ ആണ്‍കുട്ടി ഇപ്പോള്‍ വയനാട് ലഹരിമുക്ത കേന്ദ്രത്തില്‍ ചികിത്സയിലാണ്. ഈ കുട്ടി സിന്തറ്റിക്ക് മയക്കുമരുന്നുകള്‍ക്ക് അടിമയാണെന്ന് മാത്രമല്ല വില്‍പനയും നടത്തി വന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.                                                    10/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.