സ്വാതന്ത്ര്യത്തിന്റെ 100–ാം വാർഷികമാകുമ്പോൾ അടിമത്ത മനോഭാവം മുഴുവൻ മാറണം: പ്രധാന മന്ത്രി

2022-08-15 16:52:30

ന്യൂഡൽഹി ∙ രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോഴേയ്ക്കും അടിമത്ത മനോഭാവത്തില്‍നിന്ന് ഇന്ത്യ സമ്പൂര്‍ണ സ്വാതന്ത്ര്യം കൈവരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത 25 വര്‍ഷം അതിപ്രധാനമാണ്. ഈ കാലയളവിലേക്കുള്ള അഞ്ചിന പരിപാടി പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നോട്ടുവച്ചു. 1. സമ്പൂര്‍ണ വികസിത ഭാരതം 2. അടിമത്ത മനോഭാവത്തില്‍ നിന്നുള്ള പരിപൂര്‍ണ മോചനം 3. പാരമ്പര്യത്തിലുള്ള അഭിമാനം 4. ഐക്യവും അഖണ്ഡതയും 5. പൗരധര്‍മം പാലിക്കൽ എന്നിവയാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ച അഞ്ചിന പരിപാടികഴിഞ്ഞ 75 വർഷത്തിനിടെ ഉയർച്ചകളും താഴ്ചകളുമുണ്ടായി. നമ്മൾ ഒരുപാടു കാര്യങ്ങൾ നേടിയെടുത്തു. ഒട്ടേറെ വളർന്നു. ഭാഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദേശീയമായത് നല്ലതും തദ്ദേശീയമായത് മോശവും എന്ന ചിന്ത ഇല്ലാതാകണം. ഓരോ ഇന്ത്യക്കാരനും മാതൃഭാഷയില്‍ അഭിമാനിക്കണം. വിദേശ സംസ്കാരത്തെ അനുകരിക്കേണ്ട. ഇന്ത്യ എങ്ങനെയോ അങ്ങനെ തന്നെയാകണം. സ്വന്തം മണ്ണിനോട് ചേര്‍ന്നുനിന്നാലേ ആകാശത്തേക്ക് ഉയരാന്‍ കഴിയൂ എന്നും മോദി പറഞ്ഞു.

∙ സ്ത്രീവിരുദ്ധത തുടച്ചുനീക്കണം

ഇന്ത്യന്‍ ജനതയുടെ വാക്കിലും പ്രവര്‍ത്തിയിലും എങ്ങനെയൊക്കെയോ സ്ത്രീവിരുദ്ധത കടന്നുകൂടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പു നൽകി. ഇതു പൂര്‍ണമായി ഇല്ലാതാക്കല്‍ പൗരധര്‍മമായി കാണണം. സ്ത്രീകളോട് അന്തസ്സായി പെരുമാറേണ്ടത് രാജ്യപുരോഗതിക്ക് അനിവാര്യമാണ്. സാമൂഹിക മുന്നേറ്റത്തിന് അച്ചടക്കം പ്രധാനമാണ്. പൗരധര്‍മം പാലിക്കുന്നതില്‍ പ്രധാനമന്ത്രിയെന്നോ മുഖ്യമന്ത്രിയെന്നോ സാധാരണ പൗരനെന്നോ വ്യത്യാസമില്ല. വൈദ്യുതി പാഴാക്കാതിരിക്കുന്നതടക്കം എല്ലാ കാര്യങ്ങളിലും പൗരന്മാര്‍ സ്വന്തം ഉത്തരവാദിത്തം നിറവേറ്റണമെന്നും മോദി ആഹ്വാനം ചെയ്തു.

∙ വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി

വൈവിധ്യത്തില്‍ നിന്നാണ് ഇന്ത്യയുടെ ശക്തി പ്രവഹിക്കുന്നത്. ശ്രീനാരായണഗുരു ഉള്‍പ്പെടെയുള്ള മഹാന്മാര്‍ ഇന്ത്യയുടെ ആത്മാവിനെ ജ്വലിപ്പിച്ചു. ബിർസ മുണ്ട്, തിരോട്ട് സിങ്, അല്ലൂരി സീതാരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്വാതന്ത്ര്യ സമരത്തെ ജ്വലിപ്പിച്ചു നിർത്തി. റാണി ലക്ഷ്മിഭായ്, ജൽകാരി ഭായ്, ചെന്നമ്മ, ബീഗം ഹസ്‌റത്ത് മഹൽ തുടങ്ങിയ ധീരവനിതകളെ ഓർമിക്കുമ്പോൾ രാജ്യം അഭിമാനത്താൽ നിറയുന്നു.സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള പോരാട്ടത്തിൽ ജീവിതം സമർപ്പിച്ച ഗാന്ധിജി, നേതാജി സുഭാഷ് ചന്ദ്ര ബോസ്, ബാബാസാഹിബ് അംബേദ്കർ, വീർ സവർക്കർ തുടങ്ങിയവരോട് ഈ രാജ്യം കടപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യസമര സേനാനികളും രാജ്യത്തെ പടുത്തുയർത്തിയവരുമായ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു, രാജേന്ദ്ര പ്രസാദ്, സർദാർ വല്ലഭ്ഭായ് പട്ടേൽ തുടങ്ങിയവരെയും പ്രധാനമന്ത്രി സ്മരിച്ചു. ‘നവ ഇന്ത്യ എന്ന ആശയത്തിനായി എല്ലാവിധ വെല്ലുവിളികളെയും തരണം ചെയ്ത് പോരാടിയ നമ്മുടെ സൈനികർക്കും പൊലീസ് സേനയ്ക്കും അതിലുപരി ഓരോ ഇന്ത്യൻ പൗരനും എന്റെ അഭിവാദ്യങ്ങൾ’ – മോദി പറഞ്ഞു.                                                                                                                                     15/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.