സജീഷും പ്രതിഭയും ഇനി പുതിയ ജീവിതത്തിലേക്ക്

2022-08-29 16:56:17

 നിപ രോഗത്തെത്തുടര്‍ന്ന് അകാലത്തില്‍ വിടപറഞ്ഞ സിസ്റ്റര്‍ ലിനിയുടെ മക്കള്‍ക്ക് അമ്മയായി മാറാന്‍ സജീഷിന്റെ ജീവിതത്തിലേക്ക് പ്രതിഭയെത്തി.

ഇന്ന് വടകര ലോകനാര്‍കാവ് ക്ഷേത്രത്തിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

സജീഷിന്റെയും പ്രതിഭയുടെയും ലിനിയുടെയും കുടുംബാംഗങ്ങള്‍ പങ്കെടുക്കുന്ന ചെറിയ ചടങ്ങ് മാത്രമായിരുന്നു വിവാഹം. കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശിയാണ് പ്രതിഭ.

സജീഷ് തന്നെയാണ് കഴിഞ്ഞ ദിവസം പ്രതിഭയും മക്കളുമൊന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ച്‌ സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ''ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയാണ്. റിതുലിനും സിദ്ധാര്‍ഥിനും അമ്മയും ചേച്ചിയുമായി ഇവരും കൂടെയുണ്ടാകും. എല്ലാവരുടെയും പ്രാര്‍ഥനകളും ആശംസകളും ഞങ്ങള്‍ക്കൊപ്പം ഉണ്ടാകണം.' -സജീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

2018-ല്‍ ലിനിയുടെ മരണശേഷം ബഹ്‌റൈനിലെ ജോലി ഉപേക്ഷിച്ച്‌ നാട്ടിലേക്കെത്തിയ സജീഷിന് സര്‍ക്കാര്‍ ആരോഗ്യവകുപ്പില്‍ ജോലിനല്‍കിയിരുന്നു. പന്നിക്കോട്ടൂര്‍ പി.എച്ച്‌.സി.യില്‍ ക്ലാര്‍ക്കാണിപ്പോള്‍.

ഇളയമകന്‍ സിദ്ധാര്‍ഥ് പാലുകുടിക്കുന്ന പ്രായത്തിലാണ് ലിനിയുടെ വേര്‍പാടുണ്ടായത്. ഇപ്പോള്‍ സിദ്ധാര്‍ഥ്‌ ഒന്നിലും റിതുല്‍ നാലിലും പഠിക്കുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിവാഹത്തിന് ആശംസകളറിയിച്ചു. സജീഷ് വിളിച്ച്‌ വിവാഹവിശേഷം പങ്കുവെച്ചുവെന്നും ലിനിയുടെ മക്കള്‍ക്ക് അമ്മയെ ലഭിക്കുകയാണെന്നും ആശംസ നേര്‍ന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

അമ്മയായി പ്രതിഭ എത്തുന്നത് ലിനിയുടെ മക്കള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാകുമെന്നും കുടുംബത്തിന് എല്ലാ ആശംസയും നേരുന്നുവെന്നും മുന്‍ ആരോഗ്യമന്ത്രിയും എം.എല്‍.എ.യുമായ കെ.കെ. ശൈലജ സന്തോഷം പങ്കുവെച്ചു.                                                                              29/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.