'അനുകൂല കോടതി തെരയേണ്ട'; ഹിജാബ് കേസില്‍ സുപ്രീംകോടതിയുടെ മുന്നറിയിപ്പ്

2022-08-29 16:57:33

    ന്യൂഡല്‍ഹി: അഞ്ച് മാസം നിരന്തരം ആവശ്യപ്പെട്ടിട്ടും പരിഗണിക്കാതിരുന്ന കര്‍ണാടകയിലെ ഹിജാബ് വിലക്കിനെതിരായ കേസ് തിങ്കളാഴ്ച പൊടുന്നനെ പരിഗണിച്ചപ്പോള്‍ വാദത്തിനൊരുങ്ങാന്‍ സാവകാശം ആവശ്യപ്പെട്ട ഹരജിക്കാരെ സുപ്രീംകോടതി അതിരൂക്ഷമായി വിമര്‍ശിച്ചു.

'അനുകൂല കോടതി തെരയുന്ന രീതി' ഒരു നിലക്കും അനുവദിക്കില്ലെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ഥിനികള്‍ക്ക് പരീക്ഷയും അക്കാദമിക് വര്‍ഷവും നഷ്ടപ്പെട്ട നേരത്ത് അടിയന്തരമായി പരിഗണിക്കാന്‍ തയാറാകാതിരുന്ന സുപ്രീംകോടതി അടിയന്തരാവശ്യം ഇല്ലാത്ത നേരത്ത് തിരക്കിട്ട് കേസ് പരിഗണിക്കേണ്ട കാര്യമില്ലെന്ന കുറിപ്പ് 20ലേറെ അഭിഭാഷകര്‍ ചേര്‍ന്ന് സമര്‍പ്പിച്ചതാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിനെ പ്രകോപിപ്പിച്ചത്. ഹരജിക്കാര്‍ വാദത്തിന് തയാറല്ലെങ്കിലും നോട്ടീസ് അയച്ച്‌ കേസുമായി മുന്നോട്ടുപോകണമെന്ന ആവശ്യം അംഗീകരിച്ച്‌ സുപ്രീംകോടതി കര്‍ണാടക സര്‍ക്കാറിന് നോട്ടീസ് അയച്ചു.

ഗേള്‍സ് ഇസ്‍ലാമിക് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് തമന്ന സുല്‍ത്താന അടക്കമുള്ള 65ഓളം ഹരജിക്കാരുള്ള ഹിജാബ് കേസ് പരിഗണിച്ചപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേസ് നീട്ടിവെക്കാന്‍ ഹരജിക്കാരുടെ അഭിഭാഷകര്‍ രേഖാമൂലം ആവശ്യപ്പെട്ട കാര്യം ഉന്നയിച്ചത്. ഇത് കേട്ടതോടെ ക്ഷുഭിതനായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത 'നിങ്ങളല്ലേ അടിയന്തരമായി കേസ് കേള്‍ക്കണമെന്ന് വീണ്ടും വീണ്ടും ആവശ്യപ്പെട്ടത്' എന്ന് ഹരജിക്കാരുടെ അഭിഭാഷകനോട് ചോദിച്ചു. 'ഇപ്പോള്‍ കേസ് പരിഗണിക്കാന്‍ പട്ടികയിലിട്ടപ്പോള്‍ നീട്ടിവെക്കാന്‍ ആവശ്യപ്പെടുന്നു. അനുകൂല കോടതി തെരയുന്ന രീതി അനുവദിക്കില്ലെന്ന് ജസ്റ്റിസ് ഗുപ്ത അഭിഭാഷകനെ ഓര്‍മിപ്പിച്ചു. കേസ് ഇനി നീട്ടുന്ന പ്രശ്നമില്ലെന്നും ചൊവ്വാഴ്ച തന്നെ ഒരുങ്ങി വന്ന് വാദം തുടങ്ങാനും നീട്ടിവെക്കാന്‍ ആവശ്യപ്പെട്ട അഭിഭാഷകനോട് അദ്ദേഹം പറഞ്ഞു.

ഹരജി പട്ടികയില്‍പ്പെടുത്തിയത് ഞായറാഴ്ചയാണ് അറിഞ്ഞതെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഭിഭാഷകര്‍ക്ക് സുപ്രീംകോടതിയില്‍ തിങ്കളാഴ്ച എത്താനാവില്ലെന്നും അഭിഭാഷകന്‍ മറുപടി നല്‍കി. മാത്രമല്ല, മുന്‍കൂട്ടി അറിയാത്തതിനാല്‍ അഭിഭാഷകര്‍ക്ക് ഒരുങ്ങാനും കഴിഞ്ഞിട്ടില്ല. അടിയന്തരമായി കേള്‍ക്കാന്‍ ആവശ്യപ്പെട്ടത് പരീക്ഷക്ക് മുമ്ബായിരുന്നുവെന്നും അതെല്ലാം കഴിഞ്ഞതിനാല്‍ അടിയന്തര സാഹചര്യമില്ലന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എന്നുകൊണ്ടുദ്ദേശിച്ചത് എന്താണെന്ന് ചോദിച്ച ജസ്റ്റിസ് ഗുപ്ത കര്‍ണാടകയില്‍ നിന്ന് രണ്ടര മണിക്കൂര്‍ മതി വിമാനത്തിന് എന്നും പ്രതികരിച്ചു. തുടര്‍ന്ന് സോളിസിറ്റര്‍ ജനറലിന്റെ ആവശ്യം അംഗീകരിച്ച്‌ കേസ് വാദത്തിനെടുക്കുമെന്നും ജസ്റ്റിസ് ഗുപ്ത കൂട്ടിച്ചേര്‍ത്തു.                                                                                                                                                                                   29/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.