ദുരൂഹത ബാക്കിയാക്കി മേരിക്കുട്ടി ടീച്ചര്‍ യാത്രയായി; കോടികളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമം, ചില മുദ്രപത്രങ്ങളില്‍ ഒപ്പിട്ടു വാങ്ങി

2022-08-30 16:52:00

കൊല്ലം: ആഗസ്റ്റ് എട്ടിന് വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ കടപ്പാക്കട എന്‍ ടി വി നഗര്‍ (71ബി) പള്ളത്ത് വീട്ടില്‍ മേരിക്കുട്ടി(75) ഇന്നലെ പുലര്‍ച്ചെ രണ്ടോടെ മരിച്ചു.

ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയുള്ള വിയോഗം ഏറെ ദുരൂഹതകള്‍ ബാക്കിയാക്കുന്നു.

ഇവരുടെ മകന്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ദീപക് ജോണ്‍ ഒന്നര വര്‍ഷം മുമ്ബാണ് മരിച്ചത്. ഇതോടെ വീട്ടില്‍ ഒറ്റയ്ക്കായി. കോടിക്കണക്കിന് രൂപയുടെ സ്വത്തുകളാണുള്ളത്. മറ്റ് ബന്ധുക്കളുമായും അടുപ്പമില്ലായിരുന്നു. ഇവരുടെ മകന്റെ സുഹൃത്തും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവും മങ്ങാട് ഡിവിഷന്‍ കൗണ്‍സിലറുമായ ടി. ജി. ഗിരീഷിന്റെ പരാതിയെ തുടര്‍ന്നാണ് മേരിക്കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. കുറച്ച്‌ കാലമായി മേരിക്കുട്ടിയെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ അന്വേഷിച്ച്‌ വീട്ടില്‍ എത്തിയപ്പോഴാണ് മേരിക്കുട്ടിയെ അവശ നിലയില്‍ കണ്ടത്.

പരിചരിക്കാനായി ഹോം നേഴ്‌സ് എന്ന പേരില്‍ ഒരു സ്ത്രീയും കൂടെ ഉണ്ടായിരുന്നു. ഗിരീഷ് വന്ന കാര്യം ഫോണിലൂടെ ആരെയൊക്കെയോ അറിയിച്ചു. അവശതയിലും ആരൊക്കെയോ വീട്ടിലും പരിസരത്ത് വന്നിരുന്നതായും മരങ്ങള്‍ മുറിച്ച്‌ മാറ്റിയതായും മകന്റെ പേരില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ ചെറിയ തുക നല്‍കി കൊണ്ടുപോയതായും സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടമായതായും മേരിക്കുട്ടി ഗിരീഷിനോട് പറഞ്ഞു. ചില മുദ്രപത്രങ്ങളില്‍ ഒപ്പിട്ടു വാങ്ങിയതായും പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ വിശദീകരിച്ച്‌ ഗിരീഷ് ജില്ലാ കളക്ടര്‍, കമ്മീഷണര്‍ എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്‍കി.

ആരോഗ്യവതിയായിരുന്ന മേരിക്കുട്ടി പെട്ടെന്ന് അവശതയിലായതും ദുരൂഹത സൃഷ്ടിച്ചു. മരണ വിവരം അറിഞ്ഞ് സഹോദരി സാലി എത്തിയിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് മാര്‍ത്തോമ്മ സെമിത്തേരിയില്‍ നടക്കും.                                                          30/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.