രാത്രിയായാല്‍ ശല്യം സഹിക്കാന്‍ കഴിയുന്നില്ല, ഉറക്കവും നഷ്‌ടപ്പെട്ടു: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ താമസം മാറ്റി

2022-09-22 17:31:06

 തിരുവനന്തപുരം: രാജ്ഭവനില്‍ ഗവര്‍ണര്‍ താമസിക്കുന്ന വസതിയുടെ (ഗവര്‍ണേഴ്സ് അപ്പാര്‍ട്ട്മെന്റ്) മച്ചിലൂടെ മരപ്പട്ടികള്‍ ഓടുന്നു.

രാത്രിയില്‍ വല്ലാത്ത ശബ്ദം. മുറികളില്‍ മൂത്രമൊഴിച്ച്‌ നാശമാക്കുന്നു. ഉറക്കം നഷ്ടമായതോടെ,അതിവിശിഷ്ടാതിഥികള്‍ക്കുള്ള പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം താമസം മാറ്റി. ആറുമാസം ഇവിടെയായിരിക്കും താമസം.

രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും താമസിക്കാന്‍ മാത്രമായി രാജ്ഭവന്‍ വളപ്പില്‍ തന്നെയുള്ളതാണ് ആഡംബര സൗകര്യങ്ങളുള്ള പ്രസിഡന്‍ഷ്യല്‍ സ്യൂട്ട്. അനന്തപുരി സ്യൂട്ട് എന്നും പേരുണ്ട്.

കേരളീയ വാസ്തുശില്‍പ്പ മാതൃകയിലുള്ള മന്ദിരമാണ് രാജ്ഭവന്‍. മുറികളില്‍ മച്ചുകളും അതിനു മുകളില്‍ പാകിയ ഓടുകളുമുണ്ട്. മച്ചിനു മുകളിലാണ് മരപ്പട്ടികള്‍ വിഹരിക്കുന്നത്. ഗവര്‍ണറുടെ ഉറക്കത്തിനു പോലും തടസമായതോടെ, പൊട്ടിയ ഓടുകള്‍ മാറ്റാനും മച്ചുകള്‍ നവീകരിക്കാനും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണിയും നവീകരണവും തുടങ്ങിയതോടെയാണ് ഗവര്‍ണര്‍ താമസം മാറ്റിയത്.

തിരുവിതാംകൂര്‍ രാജകുടുംബം ഗസ്റ്റ്ഹൗസായി ഉപയോഗിച്ചിരുന്ന വസതിയാണ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടാക്കി മാറ്റിയത്. ആഡംബര സൗകര്യങ്ങളുള്ള വലിയ മുറിയും അതിനോട് ചേര്‍ന്ന് നാല് മുറികളുമടങ്ങിയതാണിത്. നിലത്തും ഭിത്തികളിലുമെല്ലാം തടിയുടെ പാനലിംഗും മറ്റ് സൗകര്യങ്ങളുമുണ്ട്. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദിവസം ഇവിടെ തങ്ങിയിട്ടുണ്ട്. ഗവര്‍ണര്‍മാര്‍ക്കും പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ താമസിക്കാം.

കോവളം ഗസ്റ്റ്ഹൗസ് ചോദിച്ചു, നിരസിച്ചു

തിരുവനന്തപുരം: രാജ്ഭവനിലെ പ്രധാന മന്ദിരത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോവളം കടല്‍ത്തീരത്തെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസ് താമസത്തിന് വിട്ടുതരണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യം സുരക്ഷാകാരണങ്ങളാല്‍ സംസ്ഥാന സര്‍ക്കാര്‍ നിരസിച്ചു. പേഴ്സണല്‍ സ്റ്റാഫിനടക്കം അവിടെ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസം മുമ്ബാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്. കത്ത് മുഖ്യമന്ത്രി ചീഫ്സെക്രട്ടറിക്ക് കൈമാറി. ചീഫ്സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര, ടൂറിസം സെക്രട്ടറിമാരുടെയും മറ്റും ഉന്നതതല യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തു. കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള ഗസ്റ്റ്ഹൗസില്‍ ഭരണത്തലവനായ ഗവര്‍ണര്‍ താമസിക്കുന്നത് സുരക്ഷാപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് യോഗം വിലയിരുത്തി. ടൂറിസം കേന്ദ്രമായ കോവളത്ത് നിരവധി സഞ്ചാരികള്‍ വന്നു പോകുന്നതും സുരക്ഷാവെല്ലുവിളിയായി കണ്ടു. പൊതുജനങ്ങള്‍ക്കും സഞ്ചാരികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുന്നത് ടൂറിസത്തെ ബാധിക്കുമെന്നും യോഗം വിലയിരുത്തി. സുരക്ഷാപ്രശ്നം രേഖാമൂലം അറിയിച്ചതോടെയാണ് രാജ്ഭവനിലെ അതിഥി മന്ദിരത്തിലേക്ക് ഗവര്‍ണര്‍ താമസം മാറ്റിയത്.

കുടുംബശ്രി വഴി രാജ്ഭവനില്‍ നിയമിതരായ 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും സര്‍ക്കാര്‍ നിരസിച്ചു. സര്‍ക്കാരിന്റെ ധനസ്ഥതി കണക്കിലെടുത്താണ് ധനവകുപ്പ് വിയോജിച്ചത്. ഗവര്‍ണറുടെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അടുത്തിടെ രാജ്ഭവനില്‍ ഒരു ഫോട്ടോഗ്രാഫര്‍ തസ്തിക സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായി.                                                                                                                                                                                            22/09/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.