പോപ്പുലര്‍ ഫ്രണ്ട്‌ മുസ്ലിം താല്പര്യം സംരക്ഷിക്കുന്നു എന്ന് പറയുന്നത് ഐഎസ് മുസ്ലിങ്ങള്‍ക്കായി നിലകൊള്ളുന്നു എന്ന് പറയുന്ന പോലെ: എം എ ബേബി

2022-09-24 17:11:09

 തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന അക്രമസംഘടന ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും ജനാധിപത്യവാദികളുടെയും താല്പര്യങ്ങള്‍ക്ക് പൂര്‍ണ്ണമായും എതിരാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.

"ഇവര്‍ മുസ്ലിം താല്പര്യം സംരക്ഷിക്കുന്നു എന്ന് പറയുന്നത് ഐഎസ് മുസ്ലിങ്ങള്‍ക്കായി നിലകൊള്ളുന്നു എന്ന് പറയുന്ന പോലെയാണ്. താലിബാനും ഐഎസും ഒക്കെ, ഓരോരോ ഘട്ടങ്ങളില്‍ മുസ്ലിങ്ങള്‍ക്കെതിരെ അമേരിക്കന്‍ ഏജന്‍സികള്‍ തന്നെ പണം മുടക്കി കൌശലപൂര്‍വ്വം ഉണ്ടാക്കിയവയാണെന്നത് ഇന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതുപോലെ പിഎഫ്‌ഐ സംഘടിപ്പിക്കുന്ന അക്രമങ്ങള്‍കൊണ്ട് ഇന്ത്യയില്‍ ആകെ ഉപയോഗമുള്ളത് ആര്‍ എസ്‌എസിനാണ്."-അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ:

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തീവ്രവര്‍ഗ്ഗീയരാഷ്ട്രീയത്തെ അടിമുടി എതിര്‍ക്കുന്ന ഒരാളാണ് ഞാന്‍. ആര്‍എസ്‌എസ് എന്ന അര്‍ദ്ധ ഫാഷിസ്റ്റ് സംഘടനയ്ക്ക് ,അതേ രീതിയില്‍ ഒരു മുസ്ലിം അക്രമി സംഘം ഉണ്ടാക്കി മറുപടി കൊടുക്കാന്‍ കഴിയും എന്നു കരുതുന്ന മതതീവ്രവാദികള്‍ . അവര്‍ക്ക് എന്നെയും രാഷ്ട്രീയമായും വ്യക്തിപരമായും ഇഷ്ടമല്ല. 2006 - 2011 ലെ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ആണ് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റി അവരുടെ തനിനിറം കാണിച്ചത്. കേരളത്തെ മരവിപ്പിച്ച ആസൂത്രിത തീവ്രവാദ പ്രവര്‍ത്തനം ആയിരുന്നു അത്. അദ്ദേഹത്തിന്റെ കൈ വെട്ടി മാറ്റി കേരളസമൂഹത്തെ പിഎഫ്‌ഐ വെല്ലുവിളിച്ചു. മതം മാറാന്‍ ആഗ്രഹിച്ച ഹാദിയ എന്ന പെണ്‍കുട്ടിയുടെ പ്രശ്നത്തെയും ഏറ്റെടുത്ത് രാഷ്ട്രീയവിവാദമാക്കി വളര്‍ത്തി വലുതാക്കി കേരളത്തില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ച സംഘടനയാണിത്. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കണം എന്ന് വിശ്വസിക്കുന്ന ഈ സംഘടന ഏറ്റവും കൂടുതല്‍ ആക്രമിച്ചിട്ടുള്ളത് സിപിഐ എം പ്രവര്‍ത്തകരെ ആണ്. പിഎഫ്‌ഐ യുടെ കൊലക്കത്തിക്ക് ഏറ്റവും ഇരയായിട്ടുള്ളതും സിപിഐ എം പ്രവര്‍ത്തകരാണ്, കൌമാര സഖാവായ മഹാരാജാസിലെ അഭിമന്യു വരെ.

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ പൗരത്വാവകാശം പ്രശ്നത്തിലാക്കാന്‍ ആര്‍എസ്‌എസ് നിയന്ത്രണത്തിലുള്ള നരേന്ദ്രമോഡി സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അതിനെതിരായ പ്രതിഷേധത്തില്‍ പിഎഫ്‌ഐയെ പങ്കെടുപ്പിക്കരുത് എന്ന് നിര്‍ബന്ധിച്ചത് സിപിഐ എം ആണ്. മുസ്ലിം ലീഗ് അടക്കമുള്ള കേരളത്തിലെ മുസ്ലിം സംഘടനകള്‍ അവരോട് രഹസ്യമായും പരസ്യമായും ചങ്ങാത്തം കൂടി. ദില്ലിയില്‍ സമാധാനപരമായി നടന്ന സിഎഎ വിരുദ്ധ സമരത്തിന്‍റെ മറവില്‍ ആര്‍എസ്‌എസും പിഎഫ്‌ഐയും ചേര്‍ന്നാണ് ഒളിഞ്ഞും തെളിഞ്ഞും ദില്ലി കലാപം ഉണ്ടാക്കിയത്. അവിടെയും മതന്യൂനപക്ഷങ്ങളുടെ ആശ്വാസത്തിന് എത്തിയത് സിപിഐ എം ആണ്.

പിഎഫ് ഐ എന്ന ഈ അക്രമസംഘടന ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും ജനാധിപത്യവാദികളുടെയും താല്പര്യങ്ങള്‍ക്ക് പൂര്‍ണ്ണമായും എതിരാണ്. ഇവര്‍ മുസ്ലിം താല്പര്യം സംരക്ഷിക്കുന്നു എന്ന് പറയുന്നത് ഐഎസ് മുസ്ലിങ്ങള്‍ക്കായി നിലകൊള്ളുന്നു എന്ന് പറയുന്ന പോലെയാണ്. താലിബാനും ഐഎസും ഒക്കെ, ഓരോരോ ഘട്ടങ്ങളില്‍ മുസ്ലിങ്ങള്‍ക്കെതിരെ അമേരിക്കന്‍ ഏജന്‍സികള്‍ തന്നെ പണം മുടക്കി കൌശലപൂര്‍വ്വം ഉണ്ടാക്കിയവയാണെന്നത് ഇന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതുപോലെ പിഎഫ്‌ഐ സംഘടിപ്പിക്കുന്ന അക്രമങ്ങള്‍കൊണ്ട് ഇന്ത്യയില്‍ ആകെ ഉപയോഗമുള്ളത് ആര്‍ എസ്‌എസിനാണ്.

പിഎഫ്‌ഐ ഇന്ത്യയിലും കേരളത്തിലും നടത്തുന്ന അക്രമത്തെ എല്ലാ ജനാധിപത്യ വാദികളും അപലപിക്കണം ; തള്ളിക്കളയണം. മതസൌഹാര്‍ദ്ദവും മതസ്വാതന്ത്ര്യവും മതേതരത്വവും ഭരണഘടനാമൂല്യങ്ങളും പുലരണമെങ്കില്‍ ആര്‍എസ്സ്‌എസ്സിനെ പ്പോലെ നാം വര്‍ജിക്കേണ്ടതാണ് പിഎഫ്‌ഐയും.                                                                                                                                                                         24/09/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.