നിയമസഭാ കയ്യാങ്കളി കേസ്: കുറ്റം ചെയ്തിട്ടില്ലെന്ന് ഇ.പി ജയരാജന്‍; ഗവര്‍ണര്‍ക്ക് ആര്‍.എസ്.എസിന്റെ​​​ കാഴ്ചപ്പാട്

2022-09-26 16:16:22

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റം നിഷേധിച്ച്‌ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് കരുതുന്നു.

അന്ന് യു.ഡി.എഫ് നടത്തിയത് അതിരുവിട്ട നടപടിയായിരുന്നു. മന്ത്രിമാര്‍ കൂടി ചേര്‍ന്ന് പ്രതിപക്ഷത്തെ അധിക്ഷേപിക്കുക, അതിനു വേണ്ടി തലേന്ന് തന്നെ കരുതികൂട്ടി വരിക. അതിന്റെ ഭാഗമാണ് നിയമസഭയില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 10 മണിയോടെ ജയരാജന്‍ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ എത്തി. അഞ്ചാമത്തെ കേസായി ആണ് കേസ് പരിഗണിച്ചത്. തുടര്‍ന്ന് ജയരാജനെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. നേരത്തെ വി.ശിവന്‍കുട്ടിയടക്കം അഞ്ച് പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചിരുന്നു. വിചാരണ നടപടികളിലേക്ക് കടക്കുന്നതിനു മുന്നോടിയായി ഒക്‌ടോബര്‍ 26ന് രേഖകളുടെ പരിശോധനയ്ക്കായി വച്ചു.

രാഷ്ട്രീയ നടപടികളുടെ ഭാഗമായി യു.ഡി.എഫ് സര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ ആസൂത്രിതമായി നടത്തിയതാണ് അക്രമമെന്ന് ജയരാജന്‍ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരമൊരു സംഭവത്തിലേക്ക് നയിച്ചത് ഭരണകക്ഷിയുടെ സഭ അലങ്കോലപ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമാണ്. പ്രതിപക്ഷം ഒരു പ്രശ്‌നം ഉന്നയിച്ചാല്‍ അത് പരിശോധിക്കുന്നതിനു പകരം, തലേ ദിവസം തന്നെ കോണ്‍ഗ്രസിന്റെ ഒരുകൂട്ടം പ്രവര്‍ത്തകരെ സഭയില്‍ താമസിപ്പിച്ചു. അവരാണ് സഭ അലങ്കോലമാക്കിയത്. പ്രതിപക്ഷം ഉന്നയിച്ച ആവശ്യം പരിഗണിക്കാതെ സ്പീക്കര്‍ സഭ വിട്ടുപോയി. പ്രതിപക്ഷത്തെ അപമാനിച്ചു. ശിവന്‍കുട്ടിയെ കയ്യേറ്റം ചെയ്തു. വനിത അംഗങ്ങളെയും കയ്യേറ്റം ചെയ്തു. സ്പീക്കറും മുഖ്യമന്ത്രിയും അന്ന് ഉത്തരവാദിത്തം നിര്‍വഹിക്കാത്തതിനാലാണ് സഭ അലങ്കോലപ്പെട്ടത്.

കഴിഞ്ഞ തവണ ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് വിട്ടുനിന്ന ജയരാജന് വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. ജയരാജന്‍ ഇന്ന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അതേസമയം, കേസില്‍ വിടുതല്‍ ആവശ്യപ്പെട്ട് മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നത് സംസ്ഥാനത്തിന്റെ ഭരണം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന നിലപാടല്ല. പഞ്ചാബിലും മറ്റു പല സംസ്ഥാനങ്ങളിലും ആര്‍.എസ്.എസിന്റെ നയത്തിന്റെ ഭാഗമായി ഗവര്‍ണര്‍മാര്‍ നിയമസഭകളെ അലങ്കോലപ്പെടുത്തുകയാണ്. അതുതന്നെയാണ് കേരളത്തിലും നടത്തുന്നത്. ഗവര്‍ണറുടെ രാഷ്ട്രീയ കാഴ്ചപ്പാടാണ് നടക്കുന്നത്. ആര്‍.എസ്.എസ് കാഴ്ചപ്പാട് നടപ്പാക്കാന്‍ നിയമസഭയെയും ഭരണത്തെയും ഉപയോഗിക്കുകയാണ്.

കാറല്‍ മാര്‍ക്‌സിനെ അധിക്ഷേപിച്ചയാളാണ് ഗവര്‍ണര്‍. ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പെടെ നിരവധി ഭാഷകള്‍ ഇന്ത്യയില്‍ ഉണ്ട്. അതെല്ലാം ചേരുന്നതാണ് ഇന്ത്യ. മാധ്യമങ്ങളെ അദ്ദേഹം അധിക്ഷേപിക്കുകയാണ്. ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബിനെ തെരുവു തെണ്ടിയെന്നാണ് ഗവര്‍ണര്‍ വിളിച്ചത്. ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ അര്‍ഹനല്ല, കേരളം അദ്ദേഹത്തെ ആദരിക്കില്ല. ഒരു വികാര ജീവിയായി ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാതെ തെറ്റുതിരുത്തി പോവുകയാണ് വേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.                                                           26/09/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.